കാബൂൾ; സൈനിക സേവനകാലഘട്ടത്തിൽ 25 അഫ്ഗാനിസ്ഥാൻകാരെ കൊന്നൊടുക്കിയെന്ന ബ്രിട്ടീഷ് രാജകുമാരൻ ഹാരിയ്‌ക്കെതിരെ താലിബാൻ രംഗത്ത്. മുതിർന്ന താലിബാൻ നേതാവായ സുഹൈൽ ഷഹീൻ ആണ് ചാൾസ് രാജാവിന്റെ മകനെതിരെ രംഗത്തെത്തിയത്. തന്റെ പുസ്തകമായ സ്‌പെയറിലാണ് താൻ സൈന്യത്തിൽ പൈലറ്റായി സേവനമനുഷ്ടിച്ചിരുന്ന കാലത്ത് 25 അഫ്ഗാനിസ്ഥാൻ പൗരന്മാരെ നിഷ്‌ക്കരുണം കൊന്നുതള്ളിയതെന്ന് ഹാരി അവകാശപ്പെട്ടത്. വീഡിയോ ഗെയിമുകൾ കളിക്കുന്നതിനോട് ഉപമിച്ചായിരുന്നു ഹാരി ആ അനുഭവം പുസ്തകത്തിൽ എഴുതിയത്.
ഈ സംഭവം അംഗീകരിക്കാനാവില്ലെന്നും നിരപരാധികളായ പൗരന്മാരെയാണ് രാജകുമാരൻ കൊലപ്പെടുത്തിയതെന്നും താലിബാൻ വിമർശിച്ചു. ഹാരി രാജകുമാരൻ താൻ ചെയ്ത തെറ്റിൽ ലജ്ജിക്കണമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നും താലിബാൻ നേതാവ് ചൂണ്ടിക്കാട്ടി. ഹാരി കൊലപ്പെടുത്തിയവർ, ശത്രുക്കളായ പോരാളികളല്ലെന്നും നിരപരാധികളായ ഗ്രാമീണരാണെന്നും താലിബാൻ പറയുന്നു. രാജാവായാലും രാജകുമാരനായാലും നിയമത്തിന് മുന്നിൽ വരണമെന്നും അല്ലെങ്കിൽ അനുഭവിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.
തങ്ങളുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നും മനുഷ്യാവകാശങ്ങളുടെ വക്താക്കളാണെന്നും അവർ അവകാശപ്പെടുന്നു. എന്നിട്ട് അവർ ഇത് ചെയ്യുന്നുവെന്ന് താലിബാൻ കുറ്റപ്പെടുത്തി. സംഭവത്തിൽ ഹാരി ഇത് വരെ പ്രതികരിച്ചിട്ടില്ല.
Discussion about this post