ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ ഭാഗമായ പ്രദേശങ്ങൾ ഇന്ത്യയുടെ ഭൂപ്രദേശമായി കാണിച്ച് ട്വിറ്റർ. മാപ്പിൽ പാക് അധീനകശ്മീരിന്റെ ഭാഗങ്ങളായ ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങളാണ് മാപ്പിൻ ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കണിച്ചിരിക്കുന്നത്. ട്വിറ്റർ ആപ്പിൽ ലൊക്കേഷൻ ഫീച്ചർ ഓണാക്കിയതിന് ശേഷം പ്രദേശത്തുള്ള ഉപയോക്താക്കൾ ചെയ്യുന്ന ട്വീറ്റുകൾ ജമ്മുകശ്മീരിൽ നിന്നുള്ളതാണെന്നാണ് അടയാളപ്പെടുത്തുന്നത്.
ഗിൽജിത്- ബാൾട്ടിസ്ഥാൻ മേഖലയിലെ ട്വിറ്റർ ഉപയോക്താക്കൾക്ക് പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടും ലഭ്യമാകുന്നില്ല. ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ഇന്ത്യയിൽ ഈ അക്കൗണ്ട് നിരോധിച്ചിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. 2023 മാർച്ചിൽ ഇന്ത്യ, പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് നിരോധനമേർപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പാകിസ്താൻ സർക്കാരിന്റെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ സാധിക്കില്ലെന്ന് ട്വിറ്റർ ചൂണ്ടിക്കാണിക്കുന്നത്.
നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ ആപ്പ് ലൊക്കേഷൻ ഇന്ത്യയ്ക്ക് കീഴിലാണ് കാണിക്കുന്നതെന്ന് അറിയിച്ചിരിക്കുന്നത്. ട്വീറ്റുകളിൽ പാകിസ്താൻ ലൊക്കേഷനായി ചേർക്കാൻ ശ്രമിക്കുമ്പോഴും പരാജയമാണ് ഫലം. ഇതിന് പിന്നാലെ ജിയോടാഗിംഗ് മാറ്റാൻ ഇന്ത്യ ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പാക് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.
നിരവധി പേർ മാപ്പിലെ മാറ്റം തെളിവ് സഹിതം ചൂണ്ടിക്കാട്ടിയെങ്കിലും അങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ് ഗിൽജിത് ഭരണകൂടം അറിയിച്ചിരിക്കുന്നത്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കർശന നടപടി ഉണ്ടാകുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post