കൊച്ചി: സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ ധൻകുമാർ(20) ആണ് മരിച്ചത്. ഇടയാർ റോയൽ റോസ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 2.49നാണ് സംഭവം. ടെംപറിങ് മെഷീനിൽനിന്ന് ട്രോളി സ്റ്റാൻഡിലേക്ക് ഇറക്കിവച്ച ഏഴു വലിയ ഗ്ലാസ് പാളികളിൽ അവസാനത്തെ ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിക്കുമ്പോൾ ട്രോളി സ്റ്റാൻഡിന്റെ അടിഭാഗം ഒടിഞ്ഞാണ് ഗ്ലാസ് പാളികൾ മറിഞ്ഞത്.
11 അടി നീളവും 6 അടി വീതിയും 12 മി.മീ കനവുമുള്ള ഗ്ലാസ് പാളികളാണ് ധൻകുമാറിന്റെ ശരീരത്തിലേക്ക് വീണത്. അപകടം നടക്കുമ്പോൾ മറ്റ് തൊഴിലാളികൾ സ്ഥലത്ത് ഇല്ലായിരുന്നു. പോലീസും ഫയർഫോഴ്‌സ് സംഘവും എത്തിയാണ് ധൻകുമാറിനെ ഗ്ലാസ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. ധൻകുമാറിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post