ന്യൂഡൽഹി: ഇതരമതസ്ഥയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ സക്കീറ മേഖലയിലാണ് സംഭവം. രാജ്കുമാർ എന്ന 20 കാരനെ കാമുകിയുടെ ബന്ധുക്കളാണ് കൊലപ്പെടുത്തിയത്. രാജ് കുമാറിനെ പത്തിലേറെ തവണ കുത്തിയ കൊലപാതികൾ മൃതദേഹം വികൃതമാക്കിയാണ് ഉപേക്ഷിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അഷ്ഫാഖ്,മെരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
ജൂലൈ 2 നാണ് കേസിനാസ്പദമായ സംഭവം. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായതിനാൽ പോലീസിന് മരിച്ചയാളെ തിരിച്ചറിയാനായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ കൊലപാതകികളെ തിരിച്ചറിയുകയും കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ലഭിക്കുകയുമായിരുന്നു.
അഷ്ഫാഖിന്റെ അടുത്ത ബന്ധുവായ പെൺകുട്ടിയുമായി രാജ്കുമാർ പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധം അവസാനിപ്പിക്കാൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാൽ കൊലപ്പെടുത്തുകയായിരുന്നു. ബിഹാർ സ്വദേശിയായിരുന്ന രാജ് കുമാർ, ഡൽഹിയിൽ താമസിക്കുന്നതിനാൽ തന്നെ ആരും അന്വേഷിച്ച് വരില്ല എന്ന ധൈര്യത്താലാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്.








