ന്യൂഡൽഹി; ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ്. ഈ വർഷം ഓഗസ്‌റ്റോടെ ആപ്പിൾ ഐഫോൺ കരാർ നിർമ്മാതാക്കളായ വിസ്‌ട്രേണിന്റെ നിർമ്മാണശാല ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. 4,920 കോടി രൂപയിലധികം മൂല്യം വരുന്ന ഫാക്ടറിയാണിത്. ഇത് ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോണുകളുടെ നിർമ്മാണം ഏറ്റെടുക്കുന്നത്.
നിലവിൽ ഇവിടെ വച്ച് ഐഫോൺ 14 നിർമ്മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകൾ നിർമ്മിക്കാനുള്ള കരാർ വിസ്‌ട്രോൺ ഏറ്റെടുത്തിട്ടുണ്ട്. ഫാക്ടറിയെ ടാറ്റ ഏറ്റെടുക്കുമ്പോൾ നിർമ്മാണ ചുമതലയും കമ്പനിയ്ക്ക് ലഭിക്കും. ഒരു ഇന്ത്യൻ കമ്പനി ഐഫോൺ നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്നത് ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന്റെ വലിയൊരു നേട്ടമായി മാറും.വിസ്‌ട്രോണിനെ കൂടാതെ തായ്വാനിൽനിന്നു തന്നെയുള്ള ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നീ ഗ്രൂപ്പുകളാണ് നിലവിൽ ഇന്ത്യയിൽ ഐഫോൺ വിതരണം നടത്തിവരുന്നത്. ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടിപിഇഎൽ, നിലവിൽ തമിഴ്നാട്ടിലെ ഹൊസൂർ യൂണിറ്റിൽനിന്ന് ആപ്പിളിന് പാർട്‌സുകൾ വിതരണം ചെയ്യുന്നുണ്ട്.
കർണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ നേടുന്നതിനായി 2024 സാമ്പത്തിക വർഷത്തിൽ 14,760 കോടി രൂപയുടെ ഐഫോണുകൾ വിസ്‌ട്രോൺ ഫാക്ടറിയിൽ നിന്ന് കയറ്റുമതി ചെയ്യേണ്ടതുണ്ട്. ഏറ്റവും പുതിയ ഐഫോൺ 14 മോഡൽ അസംബിൾ ചെയ്യുന്ന ഈ ഫാക്ടറിയിൽ നിലവിൽ 10,000 ത്തിൽ അധികം തൊഴിലാളികളുണ്ട്. അടുത്ത വർഷത്തോടെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്. ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാൻ തയ്യാറായാണ് ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോണിൽ നിന്നും ഈ കമ്പനി ഏറ്റെടുക്കുന്നതെന്നാണ് വിവരം.
155 വർഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പ് ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അടുത്തകാലത്തായി ഇലക്ട്രോണിക്‌സ് രംഗത്തേക്കും ചുവടുവച്ച ടാറ്റ ഐഫോൺ നിർമാണത്തിലൂടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കും.
Discussion about this post