ഈയിടെയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന ഒരു ചിത്രം ഉണ്ട്. ഒരു നായികയുടെ ബാല്യകാലത്തിലെ ചിത്രമാണത്. തന്റെ പതിമൂന്നാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നായിക. ക്ലാസിക് നൃത്തത്തിൽ അപാരമായ കഴിവുള്ള ഒരു മികച്ച നടി. അവരുടെ ആദ്യ പ്രതിഫലം 10 രൂപയായിരുന്നു. പിന്നീട് ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടിയായി അവർ മാറി. ബോളിവുഡ് മുതൽ മലയാളത്തിൽ വരെ നിരവധി ഭാഷകളിൽ വ്യത്യസ്തതയാർന്ന അനേകം കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചു. ഒരുകാലത്ത് ഇന്ത്യൻ പുരുഷന്മാരുടെ സൗന്ദര്യ സങ്കല്പം തന്നെ അവരായിരുന്നു. ജയപ്രദ !
ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ആയിരുന്നു ജയപ്രദ ജനിച്ചത്. ജയപ്രദ ലളിത റാണി റാവു എന്നായിരുന്നു മുഴുവൻ പേര്. അച്ഛൻ ഒരു സിനിമാ ഫിനാൻസിയർ ആയിരുന്നു എന്നതാണ് ജയപ്രദക്ക് സിനിമാ മേഖലയുമായി ഉള്ള ഏക ബന്ധം. ചെറുപ്പത്തിൽ തന്നെ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്നു ജയപ്രദ. തന്റെ സ്കൂൾ വാർഷികച്ചടങ്ങിൽ ആ പെൺകുട്ടി അവതരിപ്പിച്ച നൃത്തം കണ്ടിട്ടാണ് അന്ന് സദസ്സിൽ ഉണ്ടായിരുന്ന ഒരു തെലുങ്ക് ചലച്ചിത്ര സംവിധായകൻ ജയപ്രദയെ ആദ്യമായി ഒരു സിനിമയിൽ നൃത്തം അവതരിപ്പിക്കാനായി വിളിക്കുന്നത്. ഭൂമികോശം എന്ന ആ സിനിമയിലെ നൃത്ത രംഗത്തിലൂടെയാണ് ജയപ്രദയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അന്ന് പ്രതിഫലമായി ലഭിച്ചത് വെറും പത്തുരൂപയും.
പക്ഷേ പിന്നീടുള്ള ജയപ്രദയുടെ വളർച്ച വേഗത്തിലായിരുന്നു. തെലുങ്കും തമിഴും ബോളിവുഡും പിന്നീട് മലയാളവും എല്ലാം ജയപ്രദ കീഴടക്കി. തന്റെ കാലത്തെ മിക്കവാറും എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും അവർ അഭിനയിച്ചു. അഭിനയ മികവും നൃത്ത വൈദഗ്ധ്യവും കാരണം ജയപ്രദ തന്റെ കാലത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറി. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, രാകേഷ് റോഷൻ, ജിതേന്ദ്ര തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം ജയപ്രദ നിരവധി സിനിമകൾ ചെയ്തു. ജിതേന്ദ്രയുമായുള്ള ജയപ്രദയുടെ ജോടി ഒരു സൂപ്പർഹിറ്റായി കണക്കാക്കപ്പെട്ടിരുന്നു. ഇരുവരും നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുമിച്ച് നൽകിയിട്ടുണ്ട്. മികച്ച അഭിനയത്തിന് ജയപ്രദ നിരവധി പുരസ്കാരങ്ങളും നേടി.
പക്ഷേ ജയപ്രദയുടെ വ്യക്തിജീവിതം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. വിവാഹിതനായിരുന്ന ശ്രീകാന്ത് നഹത എന്ന ചലച്ചിത്ര നിർമ്മാതാവുമായുള്ള പ്രണയവും വിവാഹവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ വിവാദങ്ങൾക്ക് ഒന്നും അവരെ തളർത്താൻ കഴിഞ്ഞില്ല. ചെറിയ ഇടവേളയ്ക്ക് ശേഷവും അവർ അഭിനയം തുടർന്നു. പിന്നെയും മികച്ച സിനിമകൾ ചെയ്തു. രാഷ്ട്രീയ പ്രവേശനം നടത്തി. ലോകസഭാംഗവും രാജ്യസഭാംഗവും ആയി. അങ്ങനെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് വിജയിച്ച വ്യക്തിയായി മാതൃക കാണിക്കാൻ കൂടി കഴിഞ്ഞിട്ടുള്ള ആളാണ് ജയപ്രദ.













Discussion about this post