ഷാഫി സംവിധാനം ചെയ്ത് ബെന്നി പി. നായരമ്പലം തിരക്കഥയെഴുതിയ ‘ലോലിപ്പോപ്പ്’ (2008) സൗഹൃദത്തിനും പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നൽകിയ ഒരു കളർഫുൾ എന്റർടെയ്‌നറാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നീ യുവതാരങ്ങൾ ഒന്നിച്ച ഈ ചിത്രം തിയേറ്റർ ഹിറ്റ് ആയില്ല.
കൊച്ചിയിലെ ഒരു പഴയ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തുന്ന ഫ്രാങ്കോയുടെയും അയാൾ ഏറെ സ്നേഹിക്കുന്ന അനിയത്തി ജെനിയുടെയും കഥയാണിത്. ജെനിയുടെ ശത്രുവായ റോസിനെയാണ് ഫ്രാങ്കോ സ്നേഹിക്കുന്നത്. അനിയത്തിയെയും റോസിനെയും തമ്മിൽ ഒന്നിപ്പിക്കാൻ ഫ്രാങ്കോ നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അവരുടെ ജീവിതത്തിലേക്ക് ജയസൂര്യ കഥാപാത്രം പാഞ്ചി കടന്നുവരുന്നു. പാഞ്ചിയുടെ കടന്നുവരവോടെ ഇവരുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
സിനിമ റിലീസായി ആദ്യ ദിവസങ്ങളിൽ കാണിച്ച ക്ലൈമാക്‌സും പിന്നെ ആളുകളുടെ മോശം പ്രതികരണം വന്നതിന് ശേഷം അത് മാറ്റിയതുമായ സംഭവം ഉണ്ടായിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ ഒരു ബോട്ട് ജെട്ടിയിൽ ആരെയോ കാത്തിരിക്കുന്ന ജയസൂര്യ കഥാപാത്രം തന്റെ കഥ ജഗതിയുടെ കഥാപാത്രത്തോട് പറയുന്നതാണ് തുടക്കത്തിൽ നമ്മളെ കാണിക്കുന്ന സീൻ. അതിനിടയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ നമ്മളെ ഞെട്ടിച്ചുകൊണ്ട് ജയസൂര്യ കഥാപാത്രം മരിച്ചു പോയിരുന്നു എന്നും പ്രേതമാണ് ജഗതിയോട് കഥ പറയുന്നതെന്നും നമ്മൾ മനസിലാക്കുന്നു. കഥയിൽ വില്ലനായ പാഞ്ചി മരിച്ചതിന് ശേഷം റോസും ഫ്രാങ്കോയും അതുപോലെ എബിയും ജെനിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് എല്ലാവരും സന്തോഷമായി ഇരിക്കുന്ന സ്ഥലത്ത് സിനിമ അവസാനിക്കുന്നു.
എന്നാൽ ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ കാണിച്ച ക്ലൈമാക്സിൽ പ്രേതമായ പാഞ്ചി കാത്തിരുന്നത് റോസിന്റെ അച്ഛനായ ചാണ്ടിക്കുഞ്ഞിനെ ആയിരുന്നു. ഒരു അപകടത്തിൽ മരിച്ച അദ്ദേഹവും പാഞ്ചിയും തമ്മിലുള്ള സംഭാഷണവും ഇരുപ്രേതങ്ങളും സന്തോഷത്തോടെ ജീവിക്കുന്ന ഫ്രാൻകോയുടെ വീടിന്റെ പുറത്ത് നിൽക്കുന്നതുമൊക്കെ കാണിച്ചപ്പോൾ വമ്പൻ കൂവൽ ആയിരുന്നു. അതോടെയാണ് ഇപ്പോൾ കാണുന്ന ക്ളൈമാക്സിലേക്ക് നമ്മളെത്തിയത്.













Discussion about this post