കൊൽക്കത്ത : ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. പശ്ചിമ ബംഗാളിലെ അക്രമം യാദൃശ്ചികമല്ലെന്നും അത് ഭരണകൂടത്തിന്റെ അറിവോടെയുള്ള ജനാധിപത്യ കൊലപാതകമാണെന്നും ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പും അക്രമവും പര്യായങ്ങളായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ 45 പേരാണ് കൊല്ലപ്പെട്ടത്. ഇത് മമതയല്ലെന്നും നിർമ്മമതയാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ നടക്കുന്ന ദിവസം പോലും ബംഗാളിൽ ടിഎംസി ഗുണ്ടാ രാഷ്ട്രീയം നടത്തുകയാണ്. ഇങ്ങനെയൊരു അക്രമം ബംഗാളിൽ ഇതിനു മുൻപ് സംഭവിച്ചിട്ടില്ല. ഇതെല്ലാം ഭരണകൂടത്തിന്റെ അറിവോടെയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ താൻ അപലപിക്കുന്നുവെന്നും കോൺഗ്രസും മറ്റു പാർട്ടികളും ഇതിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലാലു യാദവും നിധിഷ് കുമാറും രാഹുൽ ഗാന്ധിയും മഹാ തഗ് ബന്ധനിലെ മറ്റ് നേതാക്കളും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. കോൺഗ്രസിന്റെ ഉന്നത തല നേതൃത്വവും മുഹബത് കി ദുക്കാൻ (സ്നേഹത്തിൻറെ കട) തുറക്കാൻ നടന്ന ഗാന്ധിയും മൗനം പാലിക്കുകയാണ്. തങ്ങളുടെ പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും അവർ മൗനം വെടിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി ഇതിനെക്കുറിച്ച് സംസാരിക്കാത്തത് അദ്ദേഹത്തിൻറെ അഭിലാഷത്തിന്റെ വലിയ മാൾ തുറന്നത് കൊണ്ടല്ല മറിച്ച് കെണി ഒരുക്കിയും വഞ്ചന വഴിയും രാജ്യത്തിന്റെ ഭരണാധികാരിയാവാൻ ആഗ്രഹിക്കുന്നതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേന്ദ്രസേനയെ വിന്യസിച്ച് സ്വതന്ത്രവും ന്യായമായതുമായ തിരഞ്ഞെടുപ്പ് ബംഗാളിൽ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും ശരിയായ രീതിയിൽ കേന്ദ്രസേന വിന്യസിച്ചില്ല. സെൻസിറ്റീവ് പോളിംഗ് ബൂത്തുകളെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രസേനയുമായി പങ്കിട്ടിട്ടുമില്ല. സ്വന്തം നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അക്രമം കാരണം പശ്ചിമബംഗാളിൽ നിന്ന് നൂറിലധികം ആളുകളാണ് ആസാമിലേക്ക് കുടിയേറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിൽ ജൂലൈ 8ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ ഒരു ദിവസം മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ് പെട്ടികൾ കൊള്ളയടിക്കുകയും ബാലറ്റ് പേപ്പർ കത്തിക്കുകയും നിരവധി സ്ഥലങ്ങളിൽ ബോംബെറ് ഉണ്ടാവുകയും ചെയ്തു. അക്രമങ്ങൾ ഉണ്ടാവുകയും ബാലറ്റ് പെട്ടിയിൽ കൃത്രിമം കാണിക്കുകയും ചെയ്ത 696 ബൂത്തുകളിൽ തിങ്കളാഴ്ച റീ പോളിംഗ് നടന്നു.
Discussion about this post