ന്യൂഡൽഹി:രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി സുപ്രീംകോടതി. ഈ മാസം 24 ലേക്കാണ് വാദം കേൾക്കുന്നത് മാറ്റിച്ചത്. 2020 ഫെബ്രുവരിയിൽ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഉമർ ഖാലിദിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനയിലാണ് നിലവിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയുള്ളത്. കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യത്തിനായി ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ജാമ്യത്തിനായി ഉമർ സുപ്രീംകോടതിയെ സമീപിച്ചത്.
രണ്ട് വർഷവും 10 മാസവുമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കബിൽ സിബലാണ് ഉമർ ഖാലിദിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. കേസിൽ ഡൽഹി പോലീസിനുവേണ്ടി അഭിഭാഷകൻ രജത് നായരും ഹാജരാകും.
ഉമർ ഖാലിദ് കുറ്റക്കാരനെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടതായും കോടതി പറഞ്ഞിരുന്നു. കേസിലെ കൂട്ടു പ്രതിയായ ഷർജീൽ ഇമാമിനെക്കുറിച്ചും കോടതി പരാമർശിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ ഉണ്ടായ കലാപത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടമായത്. 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post