ലഡാക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി വളർന്നു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലഡാക്കിലെ കർസോക്ക് ഗ്രാമത്തിൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ശക്തവും മികച്ചതുമായ രാജ്യമാക്കാൻ നിലവിലെ സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്നും ധീരതയോടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനും രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിലും സേനകളുടെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് എന്ന പദ്ധതിയിലൂടെ സ്വയം പര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. പ്രതിരോധ മേഖലയിൽ ഉൽപാദനം വർധിപ്പിച്ചതായും അനുരാഗ് ഠാക്കൂർ പരാമർശിച്ചു.
നേരത്തെ രാജ്യം ഇറക്കുമതിയെ മാത്രം ആശ്രയിച്ചിരുന്നു, എന്നാൽ പ്രതിരോധ മേഖലയിൽ 400 ലധികം പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിച്ചു. കൂടാതെ കഴിഞ്ഞ വർഷം 16,000 കോടി രൂപയുടെ കയറ്റുമതി നടത്തുകയും ചെയ്തു. പ്രതിരോധ ഉപകരണ നിർമ്മാണത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകവഴി ഇന്ത്യൻ കമ്പനികളുമായി കൈകോർക്കാൻ വിദേശ കമ്പനികൾ തയ്യാറായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ വികസനം കേന്ദ്രസർക്കാരിന്റെ മുൻഗണനയാണെന്നും അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഠാക്കൂർ വ്യക്തമാക്കി.
ലഡാക്കിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് പ്രധാനമന്ത്രി മോദിക്ക് താൽപ്പര്യമുണ്ട്. പ്രാദേശിക ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിനായി സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രിമാരെ ഇവിടേക്ക് അയയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിത നിലവാരം ഉയർത്താൻ മോദി സർക്കാർ രാജ്യത്തുടനീളം നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ലഡാക്കിലും നിലവിൽ സാഹചര്യം മാറിയിട്ടുണ്ട്. കൃഷി കൂടുതൽ ലാഭകരമാവുകയും വ്യാപാരത്തിലും വ്യവസായത്തിലും വർദ്ധനവ് ഉണ്ടായി. വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിച്ചു. വിദൂര പ്രദേശങ്ങളിൽ പോലും നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകുന്നുണ്ട്. അതിർത്തികൾ സംരക്ഷിക്കാൻ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിച്ചതിനാൽ ബാഹ്യ സ്വാധീനങ്ങളാൽ ഗ്രാമങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിലെ ചുമൂർ പ്രദേശവും അനുരാഗ് ഠാക്കൂർ സന്ദർശിച്ചു.
Discussion about this post