ഉറക്കമുണരുമ്പോൾ തന്നെ മനസ്സിൽ അകാരണമായ ഭയവും വിഷാദവും ബുദ്ധിമുട്ടിക്കുന്നുണ്ടോ? സുഖമായ ഉറക്കത്തിൽ നിന്ന് സന്തോഷത്തോടെ എഴുനേൽക്കുന്നതിനു പകരം എന്തോ ഉത്ഘണ്ഠ ബാധിച്ചതായി തോന്നുന്നുണ്ടോ? കൊടിയ ജീവിതസംഘർഷങ്ങളിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ഒറ്റയ്ക്കല്ല. ലോകം മുഴുവനും കോടിക്കണക്കിനു മനുഷ്യരെ ഇത്തരം പ്രശ്‌നങ്ങൾ അലട്ടാറുണ്ട്. ഒരു രോഗാവസ്ഥ എന്നതിണേക്കാളും ശാരീരികവും മാനസികവുമായ അനേകം കാരണങ്ങൾ ഇതിനുണ്ടാകാം. സ്‌ട്രെസ്സ് ഹോർമോണുകൾ മുതൽ ലഘുവായ ഉത്ഘണ്ഠാ രോഗം വരെ ഈ മാനസികാവസ്ഥയ്ക്ക് കാരണമായേക്കാം.
എന്നാൽ കൃത്യമായ ജീവിതശൈലികളും, യോഗാഭ്യാസവും ചില മന്ത്രങ്ങളും ജപങ്ങളും കൊണ്ട് മനസ്സിനെ നമുക്ക് ശാന്തമാക്കാനാകും. എഴുനേൽക്കുമ്പോൾ തന്നെ അത്തരം മന്ത്രങ്ങൾ ജപിക്കുന്നത് പിന്നീടുള്ള മുഴുവൻ ദിവസത്തിലും ധനാത്മകമായ ഊർജ്ജത്തോടെ പ്രവർത്തി ചെയ്യാൻ നമ്മെ സഹായിക്കും. അത്തരം ചില മന്ത്രങ്ങളും ശ്ലോകങ്ങളുമാണ് ചുവടെ
എഴുനേൽക്കുമ്പോൾ തന്നെ ലോകപിതാക്കളായ പാർവതീ പരമേശ്വരന്മാരെ സ്മരിച്ച് തുടങ്ങാം.മഹാകവി കാളിദാസന്റെ രഘുവംശത്തിൽ നിന്നാണ് ഈ ശ്ലോകം..
വാഗർത്ഥാവിവ സംപൃക്തൗ
വാഗർത്ഥ പ്രതിപത്തയേ
ജഗതഃ പിതരൗ വന്ദേ
പാർവതീ പരമേശ്വരൗ
വാക്കും അർത്ഥവും തമ്മിലെന്നപോലെ ചേർന്നിരിക്കുന്നതും വാക്കും അതിന്റെ അർത്ഥവും പോലെ വേർപിരിക്കാനാവാത്തതുമായ ലോകപിതാക്കൾ പാർവതീ പരമേശ്വരന്മാരെ ഞാൻ വന്ദിക്കുന്നു
ഇനി വിഘ്‌നങ്ങൾ മാറ്റിത്തന്ന് നമ്മെ സദാ രക്ഷിക്കുന്ന മഹാഗണപതിയെ സ്മരിച്ച് തുടങ്ങാം
വക്രതുണ്ഡ മഹാ കായ
സൂര്യകോടി സമപ്രഭ
നിർവിഘ്‌നം കുരുമേ ദേവ
സർവ്വ കാര്യേഷു സർവ്വദാ
വളഞ്ഞ തുമ്പിക്കൈയ്യോടും വലിയ ശരീരത്തോടും കോടി സൂര്യന്മാരുടെ പ്രഭയോട് തുല്യമായ തേജസ്സോടൂം കൂടിയ ഭഗവാനേ, എല്ലാ കാര്യങ്ങളിലും എപ്പോഴും വിഘ്‌നങ്ങളെല്ലാം നീക്കിത്തരണേ.
അത് കഴിഞ്ഞ് ഉണർന്നെണീക്കുമ്പോൾ തന്നെ ഇരുകൈകളും ചേർത്തുവച്ചു കൈകളെ നോക്കി ഈ ശ്ലോകം ചൊല്ലണം.
കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദം
പ്രഭാതേ കരദർശനം
കൈപ്പത്തികളുടെ അഗ്രത്തിൽ ലക്ഷ്മി വസിക്കുന്നു. മദ്ധ്യത്തിൽ സരസ്വതീ ദേവി വസിക്കുന്നു. കൈപ്പത്തികളുടെ അവസാനം ഗോവിന്ദൻ വസിക്കുന്നു. ഇങ്ങനെ മംഗളകരമായ കൈകളെ പ്രഭാതത്തിൽ ഞാൻ ദർശിക്കുന്നു. (കരമൂലേ സ്ഥിതേ ഗൗരി എന്നൊരു പാഠഭേദവുമുണ്ട്)
ഇതിനു ശേഷം കിടക്കയിൽ നിന്ന് എഴുനേറ്റ് കാൽ നിലത്തു കുത്തുമ്പോൾ
സമുദ്ര വസനേ ദേവീ
പർവതസ്തന മണ്ഡലേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ
സമുദ്രത്തിലേക്ക് കാലുകൾ വച്ച് പർവതങ്ങളാകുന്ന മാറിടങ്ങളോട് കൂടി വിഷ്ണുപത്‌നിയായി വിളങ്ങുന്ന ദേവീ (ഭൂമീദേവീ) അമ്മയെ ഞാൻ കാലുകൊണ്ട് സ്പർശിക്കുന്നതിൽ എന്നോട് ക്ഷമിക്കണമേ.
ഇത് കഴിഞ്ഞ് അവരവരുടെ ഇഷ്ടം പോലെ മഹാമന്ത്രമായ
ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്നോ പഞ്ചാക്ഷരീ മന്ത്രമായ
ഓം നമഃശിവായ എന്നോ ജപിക്കാം.
അവനവൻ മറ്റ് ജോലികളിൽ വ്യാപൃതനായിരിക്കുമ്പോളും മനസ്സിൽ ഈ മന്ത്രങ്ങൾ ജപിച്ചുകൊണ്ടിരിക്കാവുന്നതാണ്. അത് കഴിഞ്ഞ് നാം കർമ്മക്ഷേത്രത്തിലേക്ക് നടന്നുപോകുമ്പോഴും ഈ മന്ത്രങ്ങളുടേയും എഴുനേറ്റപ്പോൾ തന്നെ നാം ജപിച്ച ശ്ലോകങ്ങളുടേയും ഭാവം ഒരു കവചം പോലെ നമ്മെ സംരക്ഷിക്കുന്നത് നമുക്ക് അനുഭവവേദ്യമാകും.
ഭാവവും അർത്ഥവും അറിഞ്ഞ് മനസ്സ് ലയിപ്പിച്ച് ഈ രീതിയിൽ ഈ ശ്ലോകങ്ങളും മന്ത്രങ്ങളും ജപിക്കുകയാണെങ്കിൽ എത്ര കൊടിയ ഉത്ഘണ്ഠയും വിഷാദവും നമ്മിൽ നിന്ന് അകന്ന് നിൽക്കും. ഒപ്പം അധികം ആയാസമില്ലാത്ത യോഗാഭ്യാസവും പ്രാണായാമവും ശീലിക്കാൻ ഒരു അര മണിക്കൂർ കൂടി പ്രഭാതത്തിൽത്തന്നെ മാറ്റിവച്ചാൽ ദേഹിയും ദേഹവും തമ്മിൽ കൃത്യമായ, ശ്രുതിമധുരമായ ഏകോപനമുണ്ടാവും. മനസ്സമാധാനവും ജീവിതാഭിവൃദ്ധിയുമുണ്ടാകും. ഉത്ഘണ്ഠയും വിഷാദവും നമ്മിൽ നിന്ന് അകന്നുപോകും .
Discussion about this post