തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പോലീസിനെതിരെ ആംബുലൻസ് ഡ്രൈവർ. പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് അധിക്ഷേപിച്ചതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വണ്ടി കൊണ്ട് കുപ്പത്തൊട്ടിയിൽ എറിയൂ എന്നായിരുന്നു അധിക്ഷേപം.
സംഭവത്തിൽ പരാതി നൽകാൻ പോയിരുന്നു. അപ്പോൾ പോലീസ് അധിക്ഷേപിക്കുകയാണ് ചെയ്തത്. ‘എന്താടാ സോപ്പ് പെട്ടി പോലത്തെ വണ്ടിയും കൊണ്ടാണോ റോഡിലൂടെ നടക്കുന്നത്’. ‘കുപ്പത്തൊട്ടിയിൽ കൊണ്ട് പോയി കളയടാ നിന്റെ വണ്ടി’. ‘മന്ത്രി വരുമ്പോൾ നിന്നോട് ആര് പറഞ്ഞെടാ വണ്ടിയും കൊണ്ട് വരാൻ’. ‘നിനക്ക് ആരാ സിഗ്നൽ തന്നത്’. അവിടെ സിഗ്നൽ കട്ട് ഓഫ് ആണെന്നും പോലീസുകാർ പറഞ്ഞതായി ആംബുലൻസ് ഡ്രൈവർ വ്യക്തമാക്കി.
തനിക്ക് അവിടെ നിന്നിരുന്ന ഹോംഗാർഡ് കടന്നു പോകാൻ സിഗ്നൽ നൽകിയിരുന്നു. ഇത് മാത്രവുമല്ല ആംബുലൻസ് കണ്ടതോടെ മന്ത്രിയുടെ ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനങ്ങളും തടഞ്ഞിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വാഹനം കടന്ന് വന്നത്. അമിത വേഗതയിൽ എത്തിയ വാഹനം ആംബുലൻസിൽ ഇടിക്കുകയായിരുന്നു. റോംഗ് സൈഡിലൂടെയായിരുന്നു വാഹനം കടന്നുവന്നിരുന്നത്. പോലീസുകാർ തെറ്റ് മുഴുവൻ തങ്ങളുടെ ഭാഗത്താണ് എന്ന നിലയിൽ ആണ് സംസാരിക്കുന്നത്. തനിക്ക് ഒന്നും തിരിച്ച് പറയാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ആംബുലൻസ് ഡ്രൈവർ കൂട്ടിച്ചേർത്തു.











