ന്യൂഡൽഹി: മതപരിവർത്തകരുടെ സുപ്രധാന ലക്ഷ്യ കേന്ദ്രമാണ് ഇന്ത്യയെന്ന് അമേരിക്കൻ പുരോഹിതൻ ക്രിസ് ഹോഡ്ജ്സ്. നേരത്തെ ഇന്ത്യയിൽ പ്രതിവാരം ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ആർ എസ് എസും മോദി സർക്കാരും ഉത്തരേന്ത്യയിലെ മതപരിവർത്തന ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഹോഡ്ജ്സ് പറയുന്നു. പത്ത് മാസം മുൻപ് പുറത്തുവന്ന യൂട്യൂബ് വീഡിയോയിലാണ് ഹോഡ്ജ്സ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
അമേരിക്കയിലെ അലബാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ദ് ഹൈലാൻഡ്സിന്റെ സ്ഥാപകനാണ് ഹോഡ്ജ്സ്. വലിയ ജനസംഖ്യയുള്ള ഇന്ത്യയിൽ മതപരിവർത്തനങ്ങൾ നിത്യസംഭവമായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്യങ്ങൾ പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യ പലപ്പോഴും ഉദാരമായാണ് മതപരിവർത്തനങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യ ഇക്കാര്യത്തിൽ കീറാമുട്ടി ആവുകയാണ് എന്നും ഹോഡ്ജ്സ് അഭിപ്രായപ്പെടുന്നു.
രോഗശാന്തി ശുശ്രൂഷകളിലൂടെയും ബാധ ഒഴിപ്പിക്കൽ കർമ്മങ്ങളിലൂടെയും ധാരാളം ആളുകൾ ക്രൈസ്തവ മതത്തിലേക്ക് വന്നിരുന്നുവെന്നും ഹോഡ്ജ്സ് അവകാശപ്പെടുന്നു. അതേസമയം, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിദേശ വിനിമയ ചട്ടങ്ങളിൽ വരുത്തിയ കാതലായ മാറ്റങ്ങളാണ് മതപരിവർത്തകരെ കഷ്ടത്തിലാക്കിയത് എന്നാണ് വീഡിയോക്ക് താഴെ വിമർശകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ചട്ടം ഭേദഗതി ചെയ്തതും നടപടിക്രമങ്ങൾ കർശനമാക്കിയതും മൂലം മതപരിവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിദേശ ഫണ്ടിംഗ് അവസാനിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post