ന്യൂഡൽഹി : ചൈനീസ് ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് എൻജിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ബംഗളൂരുവിലെ ജലഹള്ളിയിലാണ് സംഭവം. 22 കാരനായ തേജസ് ആണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.
യെലഹങ്കയിലെ നിട്ടെ മീനാക്ഷി കോളേജിലെ വിദ്യാർത്ഥിയായിരുന്നു തേജസ്. തേജസിന്റെ കുടുംബം ചൈനീസ് ആപ്പുകളായ സ്ലൈസ്, കിസ്സ് എന്നിവയിൽ നിന്ന് ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാതായതോടെ ചൈനീസ് ആപ്പിലെ ജീവനക്കാർ വിളിച്ച് ഭീഷണി മുഴക്കാൻ ആരംഭിച്ചു. ഫോണിലുള്ള സ്വകാര്യ ഫോട്ടോകൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
മകന് നേരെ ഭീഷണിയുണ്ടെന്ന് അറിഞ്ഞതോടെ വായ്പ തിരിച്ചടയ്ക്കാമെന്ന് അച്ഛൻ ഗോപിനാഥ് പറഞ്ഞു. കുറച്ച് സമയം നീട്ടി ചോദിക്കുകയും ചെയ്തു. എന്നാൽ ചൈനീസ് കമ്പനി സമയം കൊടുക്കാൻ തയ്യാറായില്ല. ചൊവ്വാഴ്ച വൈകീട്ടും ഇവർ തേജസിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
”അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. എന്റെ പേരിൽ എടുത്ത വായ്പ എനിക്ക് തിരിച്ചടയ്ക്കാനായില്ല. ഇനി എനിക്ക് വേറെ വഴിയില്ല” എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
Discussion about this post