കണ്ണൂർ: ജിമ്മെന്നത് ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന പഴയ കാഴ്ചപ്പാടിനെ മാറ്റിക്കുറിച്ച് കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പദ്ധതിയാണ് ചെങ്ങളായി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്താനുള്ള വഴിയാണ് മെന്റൽ ആൻഡ് ഫിസിക്കൽ വെൽനെസ്സ് സെന്ററിലൂടെ ഒരുക്കുന്നത്.
വീട്ടിലെയും ജോലി സ്ഥലത്തെയും തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം മറക്കുകയാണ് സ്ത്രീകൾ. അവരെ ബോധവാന്മാരാക്കി ആരോഗ്യമുള്ളവരാക്കി മാറ്റാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 15.1 ലക്ഷം രൂപയാണ് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ വളക്കൈയ്യിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിം ഒരുക്കുന്നത്.
പത്തുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ജിമ്മിലേക്കായി വാങ്ങിയത്. 5.1 ലക്ഷം രൂപയാണ് മുറി അലങ്കരിക്കാനും പരിഷ്കരിക്കാനും വേണ്ടി പഞ്ചായത്ത് ചെലവഴിച്ചത്. യോഗ, സുമ്പാ ഡാൻസ് എന്നിവയ്ക്കുള്ള സൗകര്യവും ജിമ്മിൽ ഉണ്ട്. പഞ്ചായത്തിൽ നേരത്തെ രൂപീകരിച്ചിട്ടുള്ള യോഗ ക്ലിനിക് ജിം ആരംഭിച്ചാൽ അവിടേക്ക് മാറ്റും. കൂടാതെ മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കൗൺസിലിംഗ് നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം ഒരു കുടക്കീഴിലാക്കിയാണ് പഞ്ചായത്തിന്റെ പദ്ധതി. ജിമ്മിൽ വിദഗ്ധ പരിശീലകരുടെ സഹായമുണ്ടാകുമെന്ന് പഞ്ചായത്ത് അറിയിച്ചു. പണികളെല്ലാം പൂർത്തീകരിച്ച് ഒരു മാസത്തിനകം ജിം പ്രവർത്തനമാരംഭിക്കും.
Discussion about this post