പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫ്രാൻസ്. പരമോന്നത സൈനിക, സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ നൽകിയാണ് പ്രധാനമന്ത്രിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ ആദരിച്ചത്. ഫ്രാൻസിന്റെ പരമോന്നത ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഇന്നലെയായിരുന്നു നരേന്ദ്രമോദിയ്ക്ക് ബഹുമതി നൽകിയത്. ഇന്നലെ രാത്രി അദ്ദേഹത്തിനായി മാക്രോൺ ഔദ്യോഗിക വസതിയായ എലിസി പാലസിൽ അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ അണിയിച്ചത്.
ബഹുമതിയുടെ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയാണ് അറിയിച്ചത്. ബഹുമതി നൽകിയതിന് ഇമ്മാനുവൽ മാക്രോണിന് പ്രധാനമന്ത്രി നന്ദി പറഞ്ഞുവെന്നും വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തിത്വങ്ങൾക്ക് മാത്രമാണ് ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ നൽകാറുള്ളത്. മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ചാൾസ് രാജാവ്, മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവർക്കാണ് ഇതിന് മുൻപ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
ഇന്നലെ ഉച്ചയോടെയായിരുന്നു ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്. രണ്ട് ദിവസമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. രാജ്യത്ത് എത്തിയ നരേന്ദ്ര മോദിയ്ക്ക് വൻ സ്വീകരണം ആയിരുന്നു വിമാനത്താവളത്തിൽ ലഭിച്ചത്.
Discussion about this post