ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന് പിന്നാലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ബഹിരാകാശ പരമ്പരയിലെ പുതിയ അദ്ധ്യായമാണ് ചാന്ദ്രയാൻ 3 ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ചാന്ദ്രയാൻ ദൗത്യത്തിനൊപ്പം ഉയർന്നത് ഓരോ ഇന്ത്യക്കാരൻറെയും സ്വപ്നങ്ങളും അഭിലാഷങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്.
സുപ്രധാനമായ ഈ നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ പ്രയത്നത്തിൻറെയും അർപ്പണബോധത്തിന്റെയും ഫമാണ്. അവരുടെ ആത്മാർത്ഥയെയും ഊർജ്ജസ്വലതയെയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തിൻറെ സ്വപ്നങ്ങളും പ്രതീക്ഷകളും വഹിച്ചുകൊണ്ടാണ് ചന്ദ്രയാൻ കുതിച്ചുയരുന്നതെന്ന് ഇന്ന് രാവിലെ പങ്കുവച്ച ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചിരുന്നു.ചന്ദ്രയാൻ ഒന്നാം ദൗത്യം വരെ ചന്ദ്രൻറെ ഉപരിതലം വരണ്ടതാണെന്നും വാസയോഗ്യമല്ലാത്തതാണെന്നുമാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ആദ്യ ദൗത്യത്തിന് ശേഷമാണ് ചലനാത്മകവും ഭൂമിശാസ്ത്രപരവുമായ ഒരു പ്രതലം ചന്ദ്രന് ഉണ്ടെന്ന് തിരിച്ചറിയുന്നതും ചന്ദ്രനിൽ ജലത്തിൻറെ സാന്നിധ്യം കണ്ടെത്തുന്നതും. ഒരു പക്ഷേ ഭാവിയിൽ ചന്ദ്രനിൽ ജനവാസത്തിന് സാധ്യതയുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് 2.35 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങും.
ലാൻഡർ, റോവർ, പ്രോപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ-3യിൽ ഉള്ളത്. ഇവയെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള വാഹനമാണ് എൽവിഎം3. സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പൽഷൻ (മുന്നോട്ട് തള്ളുന്ന) സംവിധാനം ആവശ്യമാണ്. ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയാണിത്. ഈ സംവിധാനം ഉൾക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എൽവിഎം3.
ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എൽവിഎം3. 650 ടൺ ആണ് ഇതിന്റെ ഭാരം. 43.5 മീറ്റർ നീളവും അഞ്ച് മീറ്റർ വ്യാസവും ഇതിനുണ്ട്. എട്ട് ടൺ ഭാരമുള്ള വസ്തുക്കൾ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓർബിറ്റിൽ എത്തിക്കാൻ കഴിയും. ഭൂമിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണിത്. അതേസമയം, ഭൂമിയിൽ നിന്ന് 35,000 കിലോമീറ്റർ അകലെയുള്ള ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റുകളിൽ (ജിടിഒ) സാറ്റലൈറ്റ് എത്തിക്കുമ്പോൾ കുറഞ്ഞ ഭാരം മാത്രമാണ് അതിന് വഹിക്കാൻ കഴിയുക.
Discussion about this post