ന്യൂഡൽഹി: തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. തക്കാളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്രയിലെ സത്താറ, നാരായൺഗാവ് ,നാസിക് എന്നിവിടങ്ങളിലെ ചില്ലറ വിൽപ്പനക്കാരിൽ നിന്നും ശേഖരിച്ച് മിതമായ വിലയ്ക്ക് വിപണിയിലെത്തിക്കാനാണ് ദേശീയ സഹകരണ ഉപഭോക്തൃ വകുപ്പിന്റെ തീരുമാനം.
പാചകാവശ്യത്തിനുളള തക്കാളി 90 രൂപയ്ക്ക് വിൽക്കാനാണ് ഉപഭോക്തൃ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 150 മുതൽ 160 വരെ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെ തക്കാളിയുടെ വില.
വില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ, കാർഷിക വിപണന ഏജൻസികളായ ദേശീയ കാർഷിക സഹകരണ വിപണന വകുപ്പിനോടും ദേശീയ സഹകരണ ഉപഭോക്തൃ വകുപ്പിനോടും പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ മുഖേന പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജൂലായ്- ആഗസ്റ്റ് , ഒക്ടോബർ – നവംബർ മാസങ്ങളിൽ പൊതുവേ തക്കാളിയുടെ ഉല്പാദനം കുറവായിരിക്കും. രാജ്യത്തെ മൊത്ത ഉല്പാദനത്തിന്റെ 56-58 ശതമാനത്തോളം തക്കാളി കൃഷി ചെയ്യുന്നതിൽ തെക്ക്- പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ പങ്ക് വലുതാണ്.
പ്രതികൂല കാലാവസ്ഥയിലെ വിളനഷ്ടവും വിതരണ ശൃംഖലയിൽ നേരിട്ട തടസങ്ങളുമൊക്കെയാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സർക്കാർ സംഭരിച്ച തക്കാളി വിതരണത്തിനായി ചില്ലറ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. ഈ തക്കാളി വിപണിയിലെത്തുന്നതോടെ വില ഏറ്റവും ഉയർന്ന മേഖലകളിൽ സാധാരണക്കാർക്ക് ആശ്വാസമേകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
Discussion about this post