ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടതില്ലല്ലോ. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിങ്ങനെ യാഥാര്‍ത്ഥ്യം തന്നെ പലതായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന യന്ത്രങ്ങള്‍ സ്വന്തം ബുദ്ധിയില്‍ അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധിയില്‍ കാര്യങ്ങള്‍ ചെയ്തുതുടങ്ങിയപ്പോള്‍ ലോകം കണ്ടത് വിസ്മയങ്ങളുടെ പൂരമാണ്.
മെഷീന്‍ ലേണിംഗിനൊപ്പം കലാകാരന്മാരുടെ ഭാവന കൂടി ചേര്‍ന്നുള്ള എഐ ചിത്രങ്ങള്‍ കുറച്ചുകാലമായി സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ തങ്ങളുടെ പുതിയ ആശയങ്ങളും എഐയും ഒന്നിച്ച് ചേര്‍ത്ത് അനുദിനം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സബൂര്‍ അക്രം എന്ന എഐ ആര്‍ട്ടിസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍, ഗായകര്‍ ഉള്‍പ്പടെയുള്ള ഗ്ലോബല്‍ സെലിബ്രിറ്റികള്‍ പാക്കിസ്താനില്‍ ആയിരുന്നെങ്കില്‍ കാണാന്‍ എങ്ങനെയിരിക്കുമെന്നതിന്റെ ആവിഷ്‌കാരമാണ് സബൂര്‍ എഐ ഉപയോഗിച്ച് ചെയ്തത്.
പാക്കിസ്താന്‍ പശ്ചാത്തലത്തില്‍, അവിടുത്തെ പരമ്പരാഗത വേഷത്തിലാണ് ലോകതാരങ്ങളെ കലാകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോഷോപ്പ്, മിഡ്‌ജേര്‍ണി, പ്രോക്രിയേറ്റ് എന്നീ ആപ്ലിക്കേഷനുകളാണ് ഇതിനേ വേണ്ടി സബൂര്‍ ഉപയോഗിച്ചത്. ഇന്ത്യക്കാരനായ കാമുകനൊപ്പം ജീവിക്കാനായി പാക്കിസ്താനിൽ നിന്നും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ സീമ എന്ന യുവതി ഇന്ത്യൻ വേഷത്തിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അതേ സമയത്താണ് ഇന്ത്യക്കാരുൾപ്പടെയുള്ള സെലിബ്രിറ്റികൾ പാക്കിസ്താൻ വേഷത്തിൽ എങ്ങനെയിരിക്കുമെന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആദ്യസെറ്റില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്താനില്‍ നിന്നുമുള്ള ഷാരൂഖ് ഖാന്‍, ബാബര്‍ അസം, ദീപിക പദുകോണ്‍, അതീഫ് അസ്‌ലം, മഹിര ഖാന്‍, വിരാട് കോഹ്ലി എന്നിവരടക്കമുള്ളവരും രണ്ടാമത്തെ സെറ്റില്‍ അമേരിക്കന്‍ ടെലിവിഷന്‍ താരങ്ങളും ഹോളിവുഡ് താരങ്ങളുമായ കിം കര്‍ദാഷിയാന്‍, തിമോത്തി ഷലമെറ്റ്, കെയില്‍ ജെന്നര്‍, ഹെന്റി കാവില്‍, സെന്തായ എന്നിവരെയും തനി പാക്കിസ്ഥാനികളായി അവതരിപ്പിച്ചിരിക്കുന്നു. മൂന്നാമത്തെ സെറ്റില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉള്‍പ്പടെയുള്ള ലോകപ്രശസ്ത കായികതാരങ്ങളാണ് അണിനിരക്കുന്നത്. അടുത്ത സെറ്റില്‍ ഗായകരും സംഗീതജ്ഞരും ഉണ്ട്.
Discussion about this post