കോഴിക്കോട്: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ടം ജൂലായ് 23ന് കോഴിക്കോട് നടക്കും. വിവിധ വകുപ്പുകളെ ഏകീകരിച്ച് ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ആദ്യം ആധാർ’. സംസ്ഥാനത്തെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്.
കൂടുതൽ രജിസ്ട്രേഷനുള്ള വാർഡുകളിൽ ക്ലസ്റ്റർ തിരിച്ചാണ് എൻറോൾമെന്റ് ക്യാമ്പുകൾ രൂപീകരിച്ചത്. ജില്ലയിലാകെ 300 ഓളം ക്യാമ്പുകളാണ് സജ്ജീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പോസ്റ്റൽ വകുപ്പ്, നാഷ്ണൽ ഹെൽത്ത് മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പ്, ഐ.ടി. മിഷൻ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വകുപ്പുകളെ ഏകീകരിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്.
പ്രതിദിനം 20,000 ത്തോളം ആളുകൾക്ക് രജിസ്റ്റർ ചെയ്യാം. അതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആധാർ ഇല്ലാത്ത പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്.
ക്യാമ്പിനോടനുബന്ധിച്ച് ആധാർ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച ബോധവൽക്കരണവും പ്രചാരണ പരിപാടികളും നടത്തും. ജില്ലാ കലക്ടർ എ. ഗീതയുടെ ഇന്റേർൺസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടീമാണ് ക്യാമ്പിന്റെ ജില്ലാ തല ഏകോപനം നിർവഹിക്കുന്നത്.
Discussion about this post