ന്യൂഡൽഹി: പ്രളയത്തിനോട് മല്ലടിക്കുന്ന ഡൽഹിയിൽ ശനിയാഴ്ച വൈകീട്ടോടെ മഴ വീണ്ടും ശക്തമായി. യമുനാ നദിയിലെ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു വെള്ളം ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ് സർക്കാർ. യമുനയിലെ വെള്ളം കുറയുന്നുണ്ടെന്നും മഴ പെയ്തില്ലെങ്കിൽ സാധാരണ ഗതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. എന്നാൽ മഴ വീണ്ടും പെയ്യുന്നതിനാൽ എല്ലാം സാധാരണ ഗതിയിലേക്ക് മാറാൻ കൂടുതൽ സമയം എടുക്കും.
45 വർഷത്തെ റെക്കോർഡ് തകർത്ത് 208.6 മീറ്ററിലെത്തിയ ജലനിരപ്പ് ഇപ്പോൾ 206.97 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. നെഞ്ച് വരെ വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെയും മൃഗങ്ങളെയും ഒഴുപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. എന്നാൽ ചെറിയ നദിയായി മാറിയ റോഡുകൾ ഗതാഗതത്തിനും രക്ഷാപ്രവർത്തനത്തിനും സാരമായ വെല്ലുവിളിയാണ്.
ഭക്ഷണ ക്ഷാമം രൂക്ഷമായ താഴ്ന്ന പ്രദേശങ്ങളിൽ അതു പരിഹരിക്കാൻ മീററ്റിൽ നിന്ന് രണ്ട് ടാസ്ക് ഫോഴ്സിനെ ഡൽഹിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. രാജ്ഘട്ട്, ഐടിഒ, സുപ്രീംകോടതി ഉൾപ്പെടെയുള്ള ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യങ്ങളെ നേരിടാൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ആവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളല്ലാതെ നഗരത്തിലേക്ക് മറ്റ് ചരക്ക് വാഹനങ്ങൾ വരുന്നത് നിരോധിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കാനും തിക്കും തിരക്കും നിയന്ത്രിക്കാനുമായി 4500 ട്രാഫിക് ഉദ്യോഗസ്ഥരെയാണ് സർക്കാർ വിന്യസിച്ചിട്ടുള്ളത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂളുകളും കോളേജുകളും അത്യാവശ്യമല്ലാത്ത സർക്കാർ സ്ഥാപനങ്ങളും ഞായറാഴ്ചവരെ അടച്ചിടാൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഉത്തരവിട്ടു.
Discussion about this post