ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യയോഗം നാളെ ചേരാനിരിക്കെ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓംപ്രകാശ് രാജ്ഭറും സംഘവും എൻഡിഎയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ വികസനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമാണ് പ്രാമുഖ്യം നൽകുന്നത്. അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് രാജ്ഭർ പറഞ്ഞു.
അടിസ്ഥാന തലം മുതൽ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചാണ് എൻഡിഎ സർക്കാർ നയങ്ങൾ രൂപീകരിക്കുന്നത്. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചപ്പോൾ ഇക്കാര്യത്തിലുള്ള പിന്തുണ അദ്ദേഹത്തെ അറിയിച്ചിരുന്നു. തന്നെ ഒപ്പം ചേർക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുകയാണെന്നും രാജ്ഭർ വ്യക്തമാക്കി.
പ്രതിപക്ഷ മഹാസഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങുമെന്ന് ഓംപ്രകാശ് രാജ്ഭർ അഭിപ്രായപ്പെട്ടു. വിഭിന്ന ആദർശങ്ങളുള്ള എസ്പിക്കും ബിഎസ്പിക്കും ആർ എൽ ഡിക്കും കോൺഗ്രസിനും ഒരിക്കലും ഒത്ത് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭറിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും വരവ് എൻഡിഎ സഖ്യത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് അമിത് ഷാ പ്രതികരിച്ചു.








