ന്യൂഡൽഹി: സിദ്ധു മൂസേവാലയെ കൊലപ്പെടുത്താൻ ആയുധം നൽകിയത് പാകിസ്താൻ സ്വദേശിയെന്ന് എൻ ഐ എ. ദുബായിൽ പ്രവർത്തിക്കുന്ന പാക് ആയുധ വ്യാപാരിയായ ഹമീദാണ് സിദ്ധു മൂസേവാലയെ കൊലപ്പെടുത്താൻ ആയുധം നൽകിയതെന്നാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. കേസിലെ പാക് ബന്ധം വെളിപ്പെടുത്തുന്ന ശക്തമായ തെളിവുകൾ എൻ ഐ എക്ക് ലഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സിദ്ധു മൂസേവാല കൊലക്കേസ് പ്രതി ലോറൻസ് ബിഷ്ണോയിയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ച ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കടുത്ത പനിയും ഉദര രോഗങ്ങളും കാരണമാണ് ബിഷ്ണോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് മഞ്ഞപ്പിത്തമാണോ എന്ന് സംശയിക്കുന്നതായി ഡോക്ടർമാർ അറിയിച്ചതായി അഭിഭാഷകർ വെളിപ്പെടുത്തിയിരുന്നു.
2022 മെയ് 29ന് പഞ്ചാബിലെ മാൻസയിൽ വെച്ചായിരുന്നു ഗായകനും രാഷ്ട്രീയ പ്രവർത്തകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഷ്ണോയ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഷാർപ്പ് ഷൂട്ടർമാരായ ഉദിത് ഷാ, അനീഷ് കുമാർ, മോഹിത് ഗുപ്ത എന്നിവരും അറസ്റ്റിലായിരുന്നു.










