ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി. പൂഞ്ച് ജില്ലയിൽ ആയിരുന്നു സംഭവം.
രാവിലെയോടെയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്. നിയന്ത്രണ രേഖ വഴിയായിരുന്നു ഭീകരർ അതിർത്തി കടക്കാൻ ശ്രമിച്ചത്. എന്നാൽ ഈ സമയം അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരുടെ ശ്രദ്ധയിൽ ഇത് പെടുകയായിരുന്നു.
സുരക്ഷാ സേന ഭീകരരെ വളഞ്ഞു. ഇതിന് പിന്നാലെ ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷാ സേനയുടെ തോക്കിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ഭീകരർ തിരികെ പാകിസ്താൻ ഭാഗത്തേക്ക് തന്നെ രക്ഷപ്പെട്ടു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. തുടർന്നും നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായേക്കാമെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.










