ന്യൂഡൽഹി: തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേഭാരത് എക്‌സ്പ്രസിന് സ്‌റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ഒരു ഹർജി പരിഗണിച്ചാൽ തുടർച്ചയായി ഹർജികൾ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്. വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ സ്വദേശിയായ പി.ടി ഷിജീഷ് ആണ് ഹർജി നൽകിയത്.
ജനസാന്ദ്ര കൂടിയ ജില്ലയാണ് മലപ്പുറം എന്നും, ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിർ സ്‌റ്റോപ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് വഴിയായിരുന്നു ഹർജി നൽകിയത്. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ രാഷ്ട്രീയ കാരണം ഉണ്ട്. അതിനാൽ കോടതി ഇടപെട്ട് സ്റ്റോപ്പ് അനുവദിക്കണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.
എന്നാൽ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ അഭിപ്രായപ്പെട്ടു. ഇത്തരം ഹർജികൾ സുപ്രീംകോടതി അനുവദിച്ചാൽ ഡൽഹി മുതൽ മുംബൈ വരെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികളുമായി ബന്ധപ്പെട്ട ഹർജികൾ ലഭിക്കും. അതുകൊണ്ട്തന്നെ ഹർജിയിൽ സുപ്രീംകോടതി ഇടപെടില്ല. ഇപ്പോൾ വന്ദേഭാരത് തീവണ്ടികൾ എങ്ങനെ ഓടുന്നുവോ അതുപോലെ തന്നെ തുടരട്ടെയെന്നും കോടതി വ്യക്തമാക്കി.
Discussion about this post