ചണ്ഡിഗഢ് : ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ 62 മരണം. 32 പേർ പഞ്ചാബിലും, 30 പേർ ഹരിയാനയിലും മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്.
പഞ്ചാബിലെ 15 ജില്ലകളിലും ഹരിയാനയിലെ 13 ജില്ലകളിലുമാണ് പ്രളയം ബാധിച്ചത്. പഞ്ചാബിലെ വെളളം കയറിയ പ്രദേശങ്ങളിൽനിന്നും ഏകദേശം 26,000 പേരെയാണ് ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. ഹരിയാനയിലെ 5,917 പേരെയും ക്യാമ്പിലേക്ക് മാറ്റി.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഭരണാധികാരികളുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്.
പഞ്ചാബിലെ സൻഗ്രുർ, പാട്യാല എന്നീ ജില്ലകളിലാണ് കൂടുതൽ പ്രളയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പ്രളയക്കെടുതിയിൽ ഒലിച്ചു പോയ ഗഗ്ഗാർ നദിയിലെ തടയണയുടെ നിർമ്മാണവും നടക്കുന്നുണ്ട്.
പ്രദേശങ്ങളിലെ ജല, വൈദ്യുത വിതരണം പുനസ്ഥാപിക്കാനുളള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രളയത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ജൂലായ് 17 നു തുറക്കുമെന്ന് പഞ്ചാബിലെ വിദ്യാഭ്യാസ മന്ത്രി ഹർജോദ് സിഗ് ബെയ്ൻസ് പറഞ്ഞു. വെളളം കയറിയ സ്‌കൂളുകളുടെ കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാൻ അധികാരികളോട് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.
ജലജന്യ രോഗങ്ങൾ പിടിപെടാൻ സാധ്യതയുളളതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ശക്തമായ മഴയെ തുടർന്ന് ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതാണ് സമീപ പ്രദേശങ്ങളിൽ വെളളം കയറാനുണ്ടായ സാഹചര്യം. പഞ്ചാബിലെ 15 ജില്ലകളിലെ 1,414 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരുന്നത്. 148 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,731 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. അയൽ സംസ്ഥാനമായ ഹരിയാനയിലെ 1,300 ഗ്രാമങ്ങളും പ്രളയക്കെടുതി നേരിട്ടു. കാർഷിക മേഖലയെയും കാര്യമായ തോതിലാണ് പ്രളയം ബാധിച്ചത്. 1.72 ലക്ഷം ഹെക്റ്റർ കൃഷിയിടങ്ങളാണ് നശിച്ചു പോയത്.
Discussion about this post