തിരുവനന്തപുരം: വർഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഗാന്ധിയെ വെടിവച്ചുകൊന്ന തോക്ക് ഇപ്പോഴും പ്രവർത്തിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. ആ തോക്കിൽനിന്ന് ഇപ്പോൾ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീകൃത സിവിൽകോഡെന്നും എംഎ ബേബി ആരോപിച്ചു. സിപിഎം കേരള ഫേസ്ബുക്ക് പേജിലൂടെയാണ് എംഎ ബേബിയുടെ പ്രസ്താവന.
യുസിസി എന്നാൽ അഗ്‌ളി, അൾട്ടീരിയർ, കമ്യൂണൽ ക്രിമിനൽ പ്രോജക്ട് ആണ്. അത്രയും വൃത്തികെട്ടതും ഭയാനകവുമായ ക്രിമിനൽ പദ്ധതിയാണ് ബിജെപിയും മോദിയും ലക്ഷ്യമിടുന്നതെന്നാണ് എംഎ ബേബിയുടെ വാദം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതിയാണ് ഏക സിവിൽകോഡിന് പിന്നിലെന്നും എംഎ ബേബി ആരോപിക്കുന്നു.
സിആർപിസി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് ഏകീകൃത സിവിൽകോഡിനായി വാദിക്കുന്നവർ പറയുന്നത്. എന്നാൽ ,ഇന്ത്യക്ക് മുഴുവൻ ബാധകമായ ഒറ്റ സിആർപിസി അല്ല ഇന്ന് നിലവിലുള്ളതെന്നാണ് യാഥാർഥ്യം. ഹിറ്റ്‌ലർ നടപ്പാക്കിയ വെറുപ്പിന്റെ പദ്ധതികൾക്ക് സമാനമാണ് ആർഎസ്എസും ബിജെപിയും നടപ്പാക്കുന്നതെന്നും എംഎ ബേബി ആരോപിക്കുന്നു.
സിപിഐഎമ്മോ ഇഎംഎസോ അന്ന് പറഞ്ഞതിലും അടിസ്ഥാനപരമായ വ്യത്യാസമില്ല. മാറ്റങ്ങൾ കൊണ്ടുവരുന്നത് ഏകപക്ഷീയമാകരുത്. അതത് സമുദായത്തെ വിശ്വാസത്തിലെടുത്ത് ബോധവൽക്കരിച്ച് അഭിപ്രായസമന്വയമുണ്ടാക്കിവേണം നടപ്പാക്കാനെന്നും എംഎ ബേബി പറയുന്നു.
Discussion about this post