തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും. സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു ശംഖും ആമയും ഇവർ ദർശന സമയത്ത് ക്ഷേത്രത്തിൽ കാഴ്ചവച്ചു . അഭിഷേകത്തിനായി ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ് ഈ സ്വർണ ശംഖും ആമയും.
രണ്ട് കിലോയോളം ഭാരം ഉണ്ട് ഈ സ്വർണ്ണ സമർപ്പണത്തിന് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോർഡ് അംഗമായിരുന്നു സുധാ മൂർത്തി. ഇതിന് മുൻപ് തിരുപ്പതി ക്ഷേത്രത്തിലേക്ക് ഇവർ ഒരു സ്വർണ്ണ ആചാര പാത്രം സംഭാവന ചെയ്തിട്ടുണ്ടായിരുന്നു. ആന്ധ്ര സർക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവ് രാജീവ് കൃഷ്ണ ട്വിറ്ററിലൂടെ ആണ് പുതിയ സമർപ്പണത്തെകുറിച്ച് വ്യക്തമാക്കിയത്. തിരുപ്പതി ദേവസ്ഥാനം ഇ ഒ ധർമ്മ റെഡ്ഡിയ്ക്കാണ് നാരായണമൂർത്തിയും സുധാമൂർത്തിയും ചേർന്ന് സ്വർണ ശംഖും ആമയും സമർപ്പിച്ചത്.
അടുത്തിടെ നടന്ന ഒരു ചടങ്ങിൽ എൻ ആർ നാരായണ മൂർത്തി ഭഗവദ്ഗീതയാണ് തന്റെ പ്രചോദനം എന്ന് പറഞ്ഞിരുന്നു. കൂടാതെ ഉദാരമനസ്കത കൊണ്ട് മഹാഭാരതത്തിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രം കർണ്ണൻ ആണെന്നും ഇൻഫോസിസ് സ്ഥാപകൻ അഭിപ്രായപ്പെട്ടു. തന്റെ സ്വന്തം ജീവിതത്തിലും കർണ്ണന്റെ മൂല്യങ്ങൾ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചിട്ടുണ്ട് എന്നും ഇൻഫോസിസിൽ നിന്നും സ്വരൂപിച്ച സമ്പത്ത് സഹപ്രവർത്തകർക്കും ജീവനക്കാർക്കും മറ്റുമായി വിതരണം ചെയ്യുന്നതിൽ സന്തോഷവാനാണെന്നും എൻ ആർ നാരായണ മൂർത്തി വ്യക്തമാക്കിയിരുന്നു.
Discussion about this post