മുംബൈ: മഹാരാഷ്ട്രയിൽ യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മൗലവി ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
താനെ ജില്ലയിലെ നയാ നഗറിലായിരുന്നു സംഭവം. 22 കാരിയായ പെൺകുട്ടിയെ ആണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരായാക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയിട്ടായിരുന്നു ഇതിനായുള്ള ശ്രമം. കേസ് എടുത്തവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നയാനഗർ സ്വദേശിയായ യുവാവ്, ഇയാളുടെ അമ്മ, മൗലാന എന്നിവർ കേസ് എടുത്തവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- 2021 ലാണ് പ്രതിയായ യുവാവ് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. നാളുകൾക്ക് ശേഷം ഇയാൾ തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങിയില്ല. ഇതോടെ ഇക്കഴിഞ്ഞ മാർച്ചിൽ യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തു.
ഇതിന് ശേഷം കഴിഞ്ഞ മാസമായിരുന്നു യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് വീടിന് സമീപത്തെ ദർഗയിൽ താമസിപ്പിച്ചു. ഇവിടുത്തെ മൗലവിയുടെ സഹായത്തോടെ പിന്നീട് പെൺകുട്ടിയെ മതം മാറ്റി വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് യുവാവിന്റെ വീട്ടിൽ തടവിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ അയൽക്കാർ ചേർന്നാണ് രക്ഷിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
Discussion about this post