ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നാശം വിതച്ചതിന് പിന്നാലെ യമുനാ നദിയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു. ആഗ്രയിൽ ജലനിരപ്പ് 495.8 അടിയായി ഉയർന്നതോടെ ചെറിയ തോതിലുളള വെള്ളപ്പൊക്കമാണ് രേഖപ്പെടുത്തുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന്റെ ചുവരുകളിൽ വരെ വെള്ളം എത്തിനിൽക്കുകയാണ്. മന്ദിരത്തിന് പിന്നിലുള്ള ഒരു പൂന്തോട്ടത്തിൽ വെള്ളം കയറി. 45 വർഷത്തിനിടെ ഇതാദ്യമായാണ് താജ് മഹലിന് സമീപം വെള്ളമെത്തുന്നത്.
1978ലെ വെള്ളപ്പൊക്കത്തിലാണ് യമുന നദിയിലെ വെള്ളം അവസാനമായി ഇവിടെയെത്തുന്നത്. ഇപ്പോൾ ജലനിരപ്പ് 495 അടിയിൽ നിന്ന് വീണ്ടുമുയർന്ന് 497.9 അടിയിലേക്ക് എത്തുകയാണ്. വെള്ളപ്പൊക്കത്തെ നേരിടുന്ന തരത്തിലാണ് താജ് മഹൽ നിർമ്മിച്ചിരിക്കുന്നത് എന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ പോലും പ്രധാന ഘടനയിലേക്ക് വെള്ളം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പനയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും മുൻകരുതൽ നടപടിയെന്ന നിലയിൽ, വെള്ളപ്പൊക്കം ഒഴിവാക്കാൻ സിക്കന്ദ്രയിലെ കൈലാഷ് ക്ഷേത്രം മുതൽ താജ്മഹലിന് സമീപമുള്ള ദസറ ഘട്ട് വരെ നദീഘട്ടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആഗ്രയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കി. നദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ, സമീപത്തെ റോഡുകളും താജ്ഗഞ്ചിലെ ഒരു ശ്മശാനവും വെള്ളത്തിനടിയിലായി. ഇത്മദ്-ഉദ്-ദൗള സ്മാരകത്തിന്റെ മതിലുകൾ വരെ വെള്ളം എത്തിനിൽക്കുക്കയാണ്. താജ്മഹലിലേക്കുള്ള യമുന കിനാര റോഡും വെള്ളത്തിനടിയിലായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post