കാക്കിനഡ: നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ പാദരക്ഷകൾക്ക് പാലത്തിന് മുകളിൽ 24 മണിക്കൂറിലധികം കാവലിരുന്ന വളർത്തുനായയുടെ ചിത്രം കാഴ്ചക്കാരിൽ നൊമ്പരമുണർത്തി. തന്റെ ഉടമ മരിച്ചതാണെന്നറിയാതെ ഒരു ദിവസത്തിലധികമാണ് നായ പാലത്തിന് മുകളിൽ കാവലിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാദരക്ഷകളും ദുപ്പട്ടയും ഊരി കരയിൽ വെച്ച ശേഷം 22 വയസുകാരിയായ മാതംഗി കാഞ്ചന യാനത്ത് ഗോദാവരി നദിയിൽ ചാടി ആത്മഹത്യ ചെയ്തത്.
മൃഗസ്നേഹിയായ കാഞ്ചന ഒരു തെരുവ് നായയെ ദത്തെടുത്ത് വീട്ടിൽ വളർത്തി വരികയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് അവൾ നായയെ വളർത്തിയിരുന്നത്. വീട്ടുവഴക്കിനെ തുടർന്ന് വൈകുന്നേരം 6.30 ഓടെ ഗോദാവരി നദിക്ക് മുകളിലെത്തിയ കാഞ്ചന, അമ്മയെയും സഹോദരിയെയും ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്ന് അറിയിച്ചു. തുടർന്ന് പാദരക്ഷകളും ദുപ്പട്ടയും ഊരി കരയിൽ വെച്ച ശേഷം നദിയിലേക്ക് ചാടുകയായിരുന്നു. കാഞ്ചനക്കൊപ്പം നായയും നടന്ന് പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ അറിയിച്ചു.
വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ നായ കാഞ്ചനയുടെ ചെരുപ്പിനും ദുപ്പട്ടക്കും കാവലിരിക്കുകയായിരുന്നു. അവിടെ നിന്നും മാറാൻ കൂട്ടാക്കാത്ത നായയെ ഒടുവിൽ കാഞ്ചനയുടെ സഹോദരൻ തിങ്കളാഴ്ച എത്തി വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. തന്റെ പ്രിയപ്പെട്ട ഉടമ മരിച്ചത് അറിയാതെ അപ്പോഴും അവൻ പ്രതീക്ഷയോടെ അവിടെ തുടരാൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെ കനകലപേട്ടയിൽ നിന്നുമാണ് പോലീസിന് കാഞ്ചനയുടെ മൃതദേഹം കിട്ടിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് കാഞ്ചനയുടെ അച്ഛൻ മരിച്ചത്. ഫെറി റോഡിൽ ചായക്കട നടത്തുകയാണ് അമ്മ. സഹോദരൻ സുഭാഷ് ചന്ദ്ര ബോസ് ഒരു എണ്ണക്കമ്പനിയിലെ ഗുമസ്തനാണ്. മൂത്ത സഹോദരി, ഭർത്താവിനൊപ്പം കാക്കിനഡയിലാണ് താമസം. പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ച കാഞ്ചന അമ്മയെ കടയിൽ സഹായിച്ച് വരികയായിരുന്നു.
Discussion about this post