മുംബൈ: പുതിയ പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ (INDIA) എന്ന് പേര് നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പേര് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അശുതോഷ് ദുബെയാണ് കമ്മീഷന് പരാതി നൽകിയത്. ഇന്നലെയാണ് പ്രതിപക്ഷ യോഗത്തിന് ശേഷം സഖ്യത്തിന് ഐഎൻഡിഐഎ എന്ന് പേര് നൽകിയത്.
ട്വിറ്ററിലൂടെ അശുതോഷ് തന്നെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ഐഎൻഡിഐഎ ഇംഗ്ലീഷിൽ എഴുതുമ്പോൾ INDIA എന്നാണ് വായിക്കുക. ഇത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു. ഇത് രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതെയാക്കുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണ് ഇത്. ഏത് പാർട്ടിയും ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നകാര്യം അറിയാം. എന്നാൽ ഇവിടെ രാജ്യത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നു.
പാർട്ടി ജയിച്ചാൽ INDIA വിജയിച്ചു എന്ന് ആളുകൾ പറയാം. തോറ്റാൽ INDIA തോറ്റു എന്ന് പറയും. ഇങ്ങനെ വന്നാൽ അത് ദേശീയതയെ അപമാനിക്കലാണ്. തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും രാജ്യത്തിന്റേത് ആയി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ഇതിന് അത്യാവശ്യമാണെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.
രാജ്യത്ത് തിരഞ്ഞെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന് ആണ്. അതുകൊണ്ട് തന്നെ കമ്മീഷന്റെ ഇടപെടൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്നും പരാതിയിൽ അദ്ദേഹം വ്യക്തമാക്കുന്നു.











Discussion about this post