തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെ അങ്ങേയറ്റം സന്തോഷം എന്ന് പറഞ്ഞത് നാക്കുപിഴ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ്. അതിനെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ ആലോചിക്കണമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
സമാനതകളില്ലാത്ത ഒരു നേതാവാണ് ഉമ്മൻ ചാണ്ടി. ഞങ്ങളുടെയെല്ലാം മനസ്സിൽ അദ്ദേഹം ഒരു നേതാവ് മാത്രമല്ല വഴികാട്ടിയും ഗൂരുവും അതിലേറെ അഭിമാനസ്തംഭമായി നിൽക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിക്കുന്നവരിൽ ഒരാളാണ് ഞാനും. അങ്ങനെയുള്ള എന്നിൽ നിന്നും ഉണ്ടായ നാക്കുപിഴയ ഈ രീതിയിൽ ആഘോഷിക്കണമോയെന്ന് അത് ചെയ്യുന്ന ആളുകൾ തീരുമാനിക്കട്ടേയെന്നും കെസി വേണുഗോപാൽ പറയുന്നു.
എന്നെ കുറ്റപെടുത്തുമ്പോൾ അതിലൂടെ മഹാനായ ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വത്തെ കൂടിയാണ് മോശമാക്കാനാണ് ഇവിടെ ശ്രമിക്കപ്പെടുന്നതെന്ന് അവർ മനസ്സിലാക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയുടെ മരണത്തെ കുറിച്ചുള്ള പ്രതികരണം മാദ്ധ്യമങ്ങൾ തേടിയപ്പോൾ അങ്ങേയറ്റം സന്തോഷത്തോടു കൂടെ എന്ന കെസി ഗോപാലിന്റെ പ്രയോഗമാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്.
”കോൺഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും നെടുംതൂണായ നേതാവ്, ജനങ്ങളെ ഒപ്പം നിർത്തി, 24 മണിക്കൂറും അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി പോരാടിയ ഒരു നേതാവ്, ജനങ്ങളിൽ നിന്നും വേർപിരിയുന്നത് അങ്ങേയറ്റത്തെ സന്തോഷത്തോടു കൂടിയാണ്…” എന്നായിരുന്നു കെസി വേണു ഗോപാലിന്റെ പ്രതികരണം തുടങ്ങിയത്. അടുത്തുനിന്ന കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ദുഃഖം എന്ന് തിരുത്തിയെങ്കിലും ഇത് ഒരു ഫ്രോയിഡ്യൻ സ്ലിപ്പ് ആണോയെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നത്.
സംസാരിക്കുന്നതിനിടയിൽ അറിയാതെ തന്നെ നമ്മളുടെ ഉള്ളിൽ ഒളിച്ചു വച്ചിരിക്കുന്ന മനോഭാവം ചെറിയ നാക്കു പിഴയായി സംഭാഷണങ്ങളിൽ വന്നു പോകുന്നതിനെയാണ് ഫ്രോയിഡ്യൻ സ്ലിപ്പ് എന്ന് മന:ശാസ്ത്രത്തിൽ പറയുന്നത്. കെ സി വേണുഗോപാൽ പറഞ്ഞ സന്തോഷം എന്ന വാക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ മനോഭാവത്തെ ആണ് വെളിവാക്കിയതെന്ന് വിമർശകർ പറയുന്നു.












