ന്യൂഡൽഹി : ഒടിടി പ്ലാറ്റ്‌ഫോമുകൾ ദുർവിനിയോഗം ചെയ്യരുതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഒടിടി പ്രതിനിധികളുമായുള്ള യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ വെച്ചായിരുന്നു യോഗം.
ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ പ്രതിഫലിപ്പിക്കുകയും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആരോഗ്യകരമായ കാഴ്ചാനുഭവം നൽകുകയും വേണം. ഇന്ത്യയുടെ സർഗ്ഗാത്മക സംവിധാനത്തെ നാം തുറന്നുപ്രകടിപ്പിക്കുമ്പോൾ നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങളോടും പ്ലാറ്റ്‌ഫോമുകൾ സംവേദനക്ഷമമായിരിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതൽ പങ്കാളിത്തങ്ങളും ഇടപെടലുകളും ഐ ആൻഡ് ബി മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമിലെ ക്രിയേറ്റീവ് ആവിഷ്‌ക്കരണത്തിലൂടെ നമ്മുടെ രാജ്യത്തെ ദുർവിനിയോഗം ചെയ്യരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. എല്ലാ പ്രായക്കാർക്കും ആരോഗ്യകരവും അറിവും നൽകുന്നതായിരിക്കണം ഒടിടിയിലൂടെയുളള ദൃശ്യാവിഷ്‌ക്കാരങ്ങൾ നൽകേണ്ടതെന്നും അനുരാഗ് ഠാക്കൂർ യോഗത്തിന് ശേഷം തന്റെ ട്വീറ്റിൽ കുറിച്ചു.
നിയമ വിരുദ്ധമായ പ്രചരണങ്ങൾക്കും തെറ്റായ ചിന്താഗതികൾക്കും ഒടിടി പ്രതിനിധികൾ തുനിയരുത്, കണ്ടന്റ് ക്രമീകരണം, ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃ അനുഭവം, പ്രത്യേക കഴിവുള്ളവർക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കൽ, ഒ.ടി.ടി മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയും നവീകരണവും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. സ്വന്തം പ്ലാറ്റ്‌ഫോം അശ്ലീലത നിറഞ്ഞ ഉള്ളടക്കം സർഗാത്മക പ്രകടനമായി മറച്ചുവെച്ച് പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അതാത് കമ്പനികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇനി മികച്ച വെബ് സീരിസ് എന്ന വിഭാഗവും ഉൾപ്പെടുത്തും. ഇത് ഇന്ത്യയിലെ ഒടിടി പ്ലാറ്റ് ഫോമുകൾക്ക് പ്രോത്സാഹനമാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.ഇന്ത്യയിലെ ഒടിടി മേഖലയിൽ മികച്ച അവസരങ്ങൾ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഇന്ത്യൻ ഭാഷയിൽ കൂടുതൽ കണ്ടന്റ് ഒരുക്കുക, മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനോടൊപ്പം ഒടിടി മേഖലയുടെ വളർച്ചയെയും സഹായിക്കുക എന്നിവ ഇതിലൂടെ സാദ്ധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post