ശ്രീനഗർ: ജമ്മു കശ്മീരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച് ഭീകരർ. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുൽവാമയിലായിരുന്നു സംഭവം.
രാജ്‌പൊരാ ഗ്രാമത്തിൽ മരം മുറിച്ച് കടത്തുന്ന സംഘത്തെ പിടികൂടാൻ എത്തിയതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. മൊഹ്നു സ്വദേശി ഇമ്രാൻ, ഗോജിപാഥർ സ്വദേശിയായ ജഹാംഗീർ അഹമ്മദ് എന്നിവരാണ് പ്രദേശത്ത് എത്തിയത്. മരം മുറിച്ച് കടത്തുന്ന സംഘത്തിനായി ബാൻജെൻഡർ പാലത്തിന് സമീപം പരിശോധന നടത്തുകയായിരുന്നു ഇമ്രാനും ജഹാംഗീറും. ഇതിനിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
രണ്ട് ഉദ്യോഗസ്ഥർക്ക് വെടിയേറ്റതായി പ്രദേശവാസികൾ ആണ് രാജ്‌പോര പോലീസിനെ വിവരം അറിയിച്ചത്. ഉടനെ സ്ഥലത്ത് എത്തിയ പോലീസ് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇമ്രാൻ ഖാന്റെ തുടയെല്ലിലാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജഹാംഗീറിന്റെ പരിക്ക് സാരമുളളതല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാൾ ആശുപത്രിവിട്ടു.
സംഭവത്തിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇവിടെ നിന്നും എകെ 47 തോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംഭവ സ്ഥലം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
Discussion about this post