ഭോപ്പാൽ: തിരക്കേറിയ റോഡിൽ ഡാൻസ് കളിച്ച് ഇൻസ്റ്റാഗ്രാം താരം. മദ്ധ്യപ്രദേശ് സ്വദേശി തരുണാണ് വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ റോഡിലിറങ്ങി ഡാൻസ് കളിച്ചത്. സംഭവത്തിൽ താരത്തിനെതിരെ രൂക്ഷമായി വിമർശനവുമായി സമൂഹമാദ്ധ്യമ ഉപയോക്താക്കൾ രംഗത്ത് എത്തി.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തരുൺ തന്നെയാണ് റോഡിലിറങ്ങി ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയായിരുന്നു. വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്നതിനിടെ മഴയത്തായിരുന്നു ഇയാൾ നൃത്തം ചെയ്തത്. ഇതിനിടെ യുവാവിന്റെ ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ കടന്നുപോകുന്നത് വീഡീയോയിൽ കാണാം. വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു റോഡിൽ അനുഭവപ്പെട്ടത്. ഇതിനിടെ സ്വന്തം ജീവനും വാഹനയാത്രികരുടെയും ജീവനും ഭീഷണിയാകും വിധം വീഡിയോ ചിത്രീകരിച്ചതിനാണ് ഇയാൾക്കെതിരെ വിമർശനം ഉയരുന്നത്.
റോഡ് സുരക്ഷ നിയമങ്ങൾ കാറ്റിൽപ്പറത്തി ഡാൻസ് റീലുകളും മറ്റും ചിത്രീകരിക്കുന്നത് അപകടകരമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വീഡിയോയ്ക്ക് താഴെ ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ ആശങ്കകൾ പങ്കുവച്ചു.
അതേസമയം രൂക്ഷ വിമർശനം ഉയർന്നതോടെ തരുൺ വീഡിയോ നീക്കം ചെയ്തു. ആളുകൾക്ക് അപകടം ഉണ്ടാക്കും വിധം വീഡിയോ ചിത്രീകരിച്ചതിൽ താരം മാപ്പ് ചോദിക്കുകയും ചെയ്തു.
Discussion about this post