ഇൻഡോർ : പ്രതിപക്ഷത്തിന് നരേന്ദ്രമോദിയെ എതിർക്കാൻ കഴിവുള്ള നേതൃത്വം ഇല്ലെന്ന് ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറും ആയ സുമിത്ര മഹാജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ ഐ എൻ ഡി ഐ എ എന്ന ബാനറിന് കീഴിൽ ഒന്നിച്ച പ്രതിപക്ഷ പാർട്ടികൾക്ക് പക്ഷേ അതിനായി നേതൃസ്ഥാനത്ത് ഒരു സമവായ സ്ഥാനാർത്ഥി ഇല്ലെന്നാണ് സുമിത്ര മഹാജൻ പറഞ്ഞത്. ഉടൻ തന്നെ അവർ പരസ്പരം പോരടിക്കുമെന്നും സുമിത്ര മഹാജൻ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയാണ് ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിച്ചിരിക്കുന്നതിന് ഉള്ളതെന്നും സുമിത്ര മഹാജൻ പറഞ്ഞു.
“ഒരു വലിയ ഗുസ്തിക്കാരൻ ഒറ്റയ്‌ക്ക് പ്രത്യക്ഷപ്പെടുമ്പോൾ, അവന്റെ എല്ലാ എതിരാളികൾക്കും ഒരുമിച്ചുനിന്ന് അവനെ പരാജയപ്പെടുത്തണമെന്ന് ഒരു തോന്നൽ ഉണ്ടാകാം . എന്നാൽ എതിരാളിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈകളിൽ അധികാരം ഉണ്ടായിരിക്കണം. രണ്ടാമത്തെ കാര്യം, അവരുടെ പ്രധാന ഗുസ്തിക്കാരൻ ആരാണെന്ന് അവർ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ വൈകാതെ തന്നെ അവർ പരസ്പരം പോരടിക്കാൻ തുടങ്ങും ” എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ സുമിത്ര മഹാജൻ പറഞ്ഞത്.
ജനാധിപത്യത്തിൽ പ്രതിപക്ഷം ശക്തമാകണമെന്നും സുമിത്ര മഹാജൻ പറഞ്ഞു. എന്നാൽ ഇവിടെ മോദിയെ പരാജയപ്പെടുത്താൻ വേണ്ടി മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്. രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ അവർ ഇതുപോലെ ഒറ്റക്കെട്ടായി നിൽക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം എന്നും സുമിത്ര മഹാജൻ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ മക്കൾക്ക് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണോ എന്ന ചോദ്യത്തിന് പ്രാപ്തിയുള്ളവരും വിജയിക്കാൻ കഴിയുന്നവരുമായ ആളുകൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്നാണ് സുമിത്ര മഹാജൻ വ്യക്തമാക്കിയത്. “ഒരു രാഷ്ട്രീയക്കാരന്റെ മകൻ അല്ലെങ്കിൽ മകൾ എന്നതിന്റെ പേരിൽ ഒരാൾക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിക്കരുത്. അതുപോലെ രാഷ്ട്രീയ നിലപാടില്ലാത്ത ഒരാൾക്ക് ഒരു നേതാവിന്റെ മകനെന്ന പേരിൽ മാത്രം ടിക്കറ്റ് നൽകുകയും ചെയ്യരുത് ” എന്നാണ് ഈ വിഷയത്തെക്കുറിച്ച് സുമിത്ര മഹാജൻ അഭിപ്രായപ്പെട്ടത്.













Discussion about this post