ഗുവാഹട്ടി: ദേശീയ ദാരിദ്ര്യ സൂചികയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ച സംസ്ഥാനമായി അസം. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണത്തിൽ 13.30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലഘട്ടത്തിൽ 32.5 ശതമാനമായിരുന്നു അസമിലെ അതിദരിദ്രരുടെ എണ്ണം. 2019-21ലെ കണക്ക് പ്രകാരം ഇത് 19.35 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.
അസമിൽ അഞ്ച് വർഷത്തിനിടെ 46.87 ലക്ഷം പേരാണ് അതിദാരിദ്ര്യത്തിൽ നിന്നും മുക്തരായിരിക്കുന്നത്. നീതി ആയോഗിന്റെ കണക്ക് പ്രകാരം അസമിലെ ഗ്രാമീണ മേഖലകളിൽ അതിദരിദ്രരുടെ എണ്ണം 36.14 ശതമാനത്തിൽ നിന്നും 21.41 ശതമാനത്തിലെത്തി. നാഗരിക മേഖലകളിൽ അതിദരിദ്രരുടെ എണ്ണം 9.94 ശതമാനത്തിൽ നിന്നും 6.88 ശതമാനത്തിലെത്തിയെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.
നീതി ആയോഗിന്റെ കണക്ക് പ്രകാരം ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ അസം ഏഴാം സ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. അഞ്ച് വർഷത്തിനിടെ രാജ്യത്ത് ആകമാനം 13.5 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരായതായി നീതി ആയോഗ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യം, പോഷണം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ ആധാരമാക്കിയാണ് നീതി ആയോഗ് ദാരിദ്ര്യനിലവാരം കണക്കാക്കുന്നത്.
Discussion about this post