ലക്‌നൗ: ഉത്തർപ്രദേശിലെ കർഷകർക്ക് ആശ്വാസമായി യോഗി സർക്കാരിന്റെ പുതിയ പദ്ധതി. വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ഇതോടെ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവും.
മൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുന്നതിനായി 12 വോൾട്ടിൽ കറന്റ് ലഭ്യമാവുന്ന രീതിയിൽ വിളകൾക്ക് ചുറ്റും സോളാർ വേലി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിളകൾ നശിപ്പിക്കുന്നതിനായി എത്തുന്ന മൃഗങ്ങൾ കമ്പിവേലിയിൽ തട്ടുമ്പോൾ അവയ്ക്ക് നേരിയ അളവിൽ ഷോക്കേൽക്കും. ഇതോടെ അവ കൃഷിയിടത്തിലേക്ക് ഇറങ്ങാതെ തിരികെ പോകും. ഷോക്കേൽക്കുന്നത് മൃഗങ്ങളെ ദോഷകരമായി ബാധിക്കില്ല.
ആദ്യഘട്ടമെന്ന നിലയിൽ ബുന്ദേൽഖണ്ഡിൽ ഇതിനോടകം തന്നെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. പദ്ധതിയ്ക്കായി സർക്കാർ ബജറ്റിൽ 350 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കർഷകർക്ക് ഹെക്ടറിന് 60 ശതമാനം അല്ലെങ്കിൽ 1.43 ലക്ഷം രൂപ വരെ ഗ്രാന്റ് നൽകുമെന്നും സർക്കാർ അറിയിച്ചു.
പദ്ധതി സംബന്ധിച്ചുള്ള കരട് കൃഷി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ക്യാബിനറ്റിന്റെ മുൻപിലാണ്.
അംഗീകാരം ലഭിച്ചാൽ സംസ്ഥാനമൊട്ടാകെ പദ്ധതി പ്രാബല്യത്തിൽ വരും.
വന്യമൃഗങ്ങളുടെ ശല്യം മൂലം നിരവധി കർഷകർക്കാണ് വിളകൾ നഷ്ടമാകുന്നത്. ഇത് പലർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Discussion about this post