ന്യൂഡൽഹി : എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകാൻ ഒരുങ്ങുന്നതായി സൂചന. ഇന്ന് അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു. പാർലമെന്‍റിലെത്തിയാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയെ കണ്ടത്. ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്. നിലവിലെ കേരളത്തിലെ സാഹചര്യമാണ് പ്രധാനമായി ചർച്ചയായത് എന്നാണ് വിവരം.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേര്‍ന്നത്. നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ യാഥാർഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്ന് ബിജെപിയിൽ ചേർന്ന അവസരത്തിൽ അനിൽ ആന്റണി വ്യക്തമാക്കിയിരുന്നു.
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ടാണ് അനിൽ ആന്റണി കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. ജനുവരിയിൽ എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ– ഓര്‍ഡിനേറ്റർ പദവി രാജിവച്ച് കോൺഗ്രസിൽ നിന്നും പടിയിറങ്ങിയ അനിൽ ആന്റണി ഏപ്രിലിൽ ബിജെപിയുടെ സ്ഥാപക ദിനത്തിൽ ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ്‌ഗോയലിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
Discussion about this post