എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസ് എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പോലീസാണ് കേസ് എടുത്തത്.
കൊച്ചി സിറ്റി പോലീസിനാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഇതിൽ നടപടി സ്വീകരിക്കാൻ നോർത്ത് പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 297, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തിൽ ഡിജിപിയ്ക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഉമ്മൻ ചാണ്ടിയെ അവഹേളിച്ച് വിനായകൻ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ വൈറൽ ആയതോടെ നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. കേസ് എടുത്ത സാഹചര്യത്തിൽ വിനായകന്റെ അറസ്റ്റ് ഉൾപ്പെടെ ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
Discussion about this post