ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പൂർ കലാപവും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറായി ഭരണപക്ഷം. മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യേണ്ടതാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണകൂടം വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി കൈക്കൊളാൻ പോകുന്ന നടപടികളും സഭയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് അറിയാനും ചർച്ചയിലൂടെ സാധിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു.
എന്നാൽ സഭ തുടങ്ങിയപ്പോൾ തന്നെ മുദ്രാവാക്യങ്ങളുമായി ബഹളം വെച്ച പ്രതിപക്ഷം രാജ്യരക്ഷാ മന്ത്രിയുടെയോ സ്പീക്കറുടെയോ വാക്കുകൾ കേൾക്കാൻ തയ്യാറായിരുന്നില്ല. മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് പ്രതിപക്ഷം ആവർത്തിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ചർച്ച ചെയ്യണമെന്ന് തന്നെയാണ് ഭരണപക്ഷത്തിന്റെയും തീരുമാനം എന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും ബഹളം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ഇതോടെ ഉച്ച വരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.
സഭയിൽ മുദ്രാവാക്യം വിളിച്ചതു കൊണ്ട് ഒരു വിഷയത്തിലും പരിഹാരം കണ്ടെത്താനാകില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ തയ്യാറാകാത്തത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് തുറന്നു കാട്ടുന്നത്. അവർക്ക് വേണ്ടത് പ്രശ്നപരിഹാരമല്ല, രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.
Discussion about this post