ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി. മസ്ജിദിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അനുവദിച്ച് വരാണാസി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി.
മസ്ജിദിൽ സീൽ ചെയ്ത സ്ഥലം ഒഴികെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് അനുമതിയുള്ളത്. മസ്ജിദിലെ വസ്തുക്കൾക്ക് കേടുപാടുകൾ ഉണ്ടാക്കാതെ വേണം സർവ്വേ. പരിശോധന പൂർത്തിയാക്കിയ ശേഷം അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഈ വർഷം മെയിലാണ് ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ വഴി ഒരു വിഭാഗം ഹിന്ദു സ്ത്രീകൾ ഹർജി നൽകിയത്. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത് എന്നും, ഇത് തെളിയിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ഹിന്ദു വിഭാഗത്തിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ച വിവരം ഉത്തർപ്രദേശ് സർക്കാരിന്റെ പ്രത്യേക കൗൺസെൽ രാജേഷ് മിശ്രയാണ് അറിയിച്ചത്. അതേസമയം കോടതി ഉത്തരവ് ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.
Discussion about this post