ന്യൂഡൽഹി : യുപിഐ വഴി ഇനി ശ്രീലങ്കയിലും പണമിടപാട് നടത്താം. യുപിഐ സംവിധാനം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. പ്രധാന മന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിങ്കെയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച കരാർ ഇരുരാജ്യങ്ങളും കൈമാറിയത്.
ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ എന്നിവയാണ് ഇന്ത്യയുമായി യുപിഐ പണമിടപാട് നടത്തുന്ന മറ്റു രാജ്യങ്ങൾ. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ യുപിഐയും സാങ്കേതിക സംവിധാനങ്ങളും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ആരംഭത്തിൽ തന്നെ വളരെയേറെ ജനശ്രദ്ധ നേടാൻ യുപിഐയ്ക്ക് സാധിച്ചിട്ടുണ്ട്.
വളരെ വേഗത്തിൽ പണമിടപാട് നടത്താൻ ഉപയോഗിക്കുന്ന സിസ്റ്റമാണ് യൂണിഫൈഡ് പെയ്‌മെൻസ് ഇന്റർഫേസ്. വെർച്ച്വൽ പേയ്‌മെന്റ് അഡ്രസ്സ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ സിസ്റ്റം പ്രയോജന പെടുത്താനാകും.
2023 ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും ചേർന്ന് പേയ്‌മെന്റ് സിസ്റ്റം തമ്മിൽ ബന്ധിപ്പിക്കാനുളള കരാറിൽ ഒപ്പു വെച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് ഇനി ബാങ്ക് അക്കൗണ്ടുകൾ മൊബൈൽ നബറുമായി ബന്ധിപ്പിച്ചോ, ക്യൂ ആർ കോഡ് ഉപയോഗിച്ചോ യുപിഐ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
അടുത്തിടെ ഫ്രാൻസ് ഇന്ത്യയുമായി യുപിഐ ഇടപാടിൽ ഒപ്പുവെച്ചിരുന്നു. ഈഫൽ ടവറും മറ്റു പാരീസിലെ സ്ഥലങ്ങളും കാണനെത്തുന്ന ഇന്ത്യക്കാർക്കിനി യുപിഐ പണമിടപാടിലൂടെ ആവശ്യമായ സാധനങ്ങൾ വാങ്ങാവുന്നതാണ്.
യുപിഐ ഇടപാടുകൾ ഉപയോഗിക്കുന്നത് രാജ്യത്തെ വ്യാപാര ബന്ധങ്ങളെയും വിനോദ സഞ്ചാരത്തേയും പരിപോഷിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്ക്കു മാത്രമല്ല മറ്റു രാജ്യങ്ങൾക്കും യുപിഐ ഇടപാടുകൾ ഉപകാരപ്രദമാണ്.
Discussion about this post