ബംഗളൂരു : കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ചുനിൽക്കാൻ ആണ് ജെഡിഎസിന്റെ തീരുമാനമെന്ന് എച്ച് ഡി കുമാരസ്വാമി. ബിജെപിയുടെ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കൊപ്പം ജെഡിഎസിന്റെ നിയമസഭാ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു എച്ച് ഡി കുമാരസ്വാമി. തങ്ങൾ രണ്ടുപേരും പ്രതിപക്ഷ പാർട്ടികൾ ആണെന്നും കോൺഗ്രസിനെതിരെ ഒന്നിച്ചു നിന്നു പോരാടുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തെക്കുറിച്ച് ധാരണയിൽ എത്താനായി കഴിഞ്ഞദിവസം ജെഡിഎസ് എംഎൽഎമാർ മുതിർന്ന നേതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് വേണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്ന് കുമാരസ്വാമി അറിയിച്ചു. ഈ യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് ജെഡിഎസും ബിജെപിയും സംയുക്ത പത്രസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനത്തിൽ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസിന്റെ ബെംഗളൂരു-മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് തങ്ങളുടെ ആദ്യ സംയുക്ത ആവശ്യമായി കുമാരസ്വാമിയും ബസവരാജ് ബൊമ്മൈയും ഉന്നയിച്ചു .
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ജെഡിഎസ് ഉന്നയിച്ചിരിക്കുന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലാത്തതാണ് സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് എന്ന് പറയപ്പെടുന്നു. എങ്കിലും കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കാനാണ് ജെഡിഎസ്സിന്റെ തീരുമാനം. സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. കർണാടകയിലെ ഫലപ്രഖ്യാപനത്തിന് മുൻപായി ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു
എച്ച് ഡി കുമാരസ്വാമിയുടെ ആദ്യ നിലപാട്.
Discussion about this post