യു കെ : ലണ്ടനിൽ 1200 കോടി രൂപ വിലമതിക്കുന്ന ആഡംബര സൗധം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ശതകോടീശ്വരനായ രവി റൂയ. അടുത്തകാലത്തായി ലണ്ടനിൽ നടന്ന ഏറ്റവും വലിയ വസ്തു ഇടപാടാണ് ഇത്. ലണ്ടനിൽ 150 പാർക്ക് റോഡിലുള്ള റീജന്റ്സ് പാർക്കിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഹാനോവർ ലോഡ്ജ് മാൻഷൻ എന്ന അത്യാഡംബര മാളിക ആണ് 1200 കോടിയോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 113 മില്യൺ പൗണ്ട് നൽകി രവി റൂയ വാങ്ങിയത്.
നിക്ഷേപ സ്ഥാപനമായ എസ്സാർ ഗ്രൂപ്പിന്റെ സഹ-ഉടമസ്ഥനാണ് രവി റൂയ.
ജിബ്രാൾട്ടർ-ഇൻകോർപ്പറേറ്റഡ് ഹോൾഡിംഗ് കമ്പനിയിൽ നിന്നുമാണ് രവി റൂയ ഈ ആഡംബര സൗധം വാങ്ങിയിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് വരെ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ സ്ഥാപനത്തിന്റെ ഒരു അനുബന്ധ സ്ഥാപനമായ ഗാസ്‌പ്രോം ഇൻവെസ്റ്റ് യുഗിന്റെ മുൻ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഗോഞ്ചരെങ്കോയുടെ ഉടമസ്ഥതയിലായിരുന്നു ഈ ആഡംബര മാളിക.
ബ്രിട്ടനിൽ താമസമാക്കിയ ഇന്ത്യൻ വ്യവസായിയായ രവി റൂയ ഗുജറാത്ത് സ്വദേശിയാണ്. രവി റൂയയും സഹോദരൻ ശശി റൂയയും ചേർന്നാണ് 1969-ൽ എസ്സാർ ഗ്രൂപ്പ് ആരംഭിച്ചത്. 1949-ൽ ജനിച്ച രവി ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. അദ്ദേഹത്തിന്റെ കമ്പനിയായ എസ്സാർ ഗ്രൂപ്പ് സ്റ്റീൽ, ഓയിൽ & ഗ്യാസ്, പവർ, കമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, പ്രോജക്ടുകൾ, മിനറൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനമാണ്. എസ്സാർ ഗ്രൂപ്പിന് 20 ലധികം രാജ്യങ്ങളിൽ വിവിധ വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. 75000-ത്തിലധികം ജീവനക്കാരുള്ള എസ്സാർ കമ്പനിയുടെ മൂല്യം 17 ബില്യൺ ഡോളറാണ്. 2012-ൽ ഫോർബ്‌സ് റൂയ സഹോദരങ്ങളെ ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.













Discussion about this post