ഷിംല: കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ 8,000 കോടിയുടെ നാശ നഷ്ടമുണ്ടായതായി റിപ്പോർട്ട്. മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 75 വർഷങ്ങൾക്ക് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയ ദുരന്തമാണിത്. കേന്ദ്ര സർക്കാരിൽ നിന്നും അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2022-2023 ദുരിതാശ്വാസ നിധിയിൽ നിന്നും അവശേഷിക്കുന്ന 315 കോടി രൂപ അടിയന്തരമായി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘം സംസ്ഥാനം സന്ദർശിച്ചു. പ്രദേശങ്ങളിലെ റോഡ്,ജലം,വൈദ്യുതി എന്നിവ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തന സംഘങ്ങൾ സജ്ജമാണെന്നും ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചാമ്പ, കാഗ്ര, കുളു, ഷിംല, സോളൻ,സിർമൗർ,ബിലാസ്പുർ എന്നീ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സിർമൗർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 195 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുളു ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് കോടി രൂപ നൽകിയതായി കുളു ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
Discussion about this post