രാമാനന്ദ് സാഗറിന്റെ ‘രാമായണ’ത്തിലെ സീതയായി അഭിനയിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് ദീപിക ചിഖ്‌ലിയ. വേറെയും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ദീപികയെ ഇന്നും ആളുകൾ ഓർക്കുന്നത് രാമായണത്തിലെ സീതയുടെ വേഷത്തിലൂടെയാണ്. ഇപ്പോൾ ഭഗവാൻ ശ്രീരാമനെ കാണാൻ അയോധ്യയിൽ എത്തിയ ദീപിക ചിഖ്‌ലിയയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസമാണ് രാം ലല്ലയെ നേരിൽ കാണാനായി സീതയായി അഭിനയിച്ച് ഏവരുടെയും പ്രിയങ്കരി ആയ ദീപിക ചിഖ്‌ലിയ അയോധ്യയിലെ ക്ഷേത്രത്തിൽ എത്തുന്നത്. ഇപ്പോൾ ധർത്തിപുത്ര നന്ദിനി എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദീപിക ആദ്യമായാണ് അയോധ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ദീപിക ചിഖ്‌ലിയയെ ക്ഷേത്രത്തിൽ കണ്ട അവരുടെ പഴയകാല ആരാധകർ സീതാമാതാവിനെ എന്നപോലെ അവരെയും കൈകൂപ്പി തൊഴുന്ന കാഴ്ച പുതിയ തലമുറയിലെ കുട്ടികളിൽ കൗതുകമുണർത്തി. ദീപികയുടെ അയോധ്യ ക്ഷേത്രദർശനം വൈകാതെ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടി.
ദീപിക ചിഖ്‌ലിയ ക്ഷേത്രദർശനം നടത്തുന്നതിന്റെയും ശ്രീരാമ വിഗ്രഹത്തിന് മുൻപിലായി ഇരിക്കുന്നതിന്റെയും ക്ഷേത്ര പുരോഹിതരുമായി സംസാരിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ വളരെ വേഗത്തിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. അയോധ്യയിലെ ക്ഷേത്രദർശനത്തിന് വരുന്നതിന്റെ തലേദിവസം പഴയകാല രാമായണത്തിൽ നിന്നുള്ള ഒരു വീഡിയോ ദീപിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
ക്ഷേത്രദർശനം നടത്തിയതിനു ശേഷം രാം ലല്ലയെ സന്ദർശിക്കാൻ ലഭിച്ച അവസരത്തിന് ദീപിക നന്ദി പ്രകടിപ്പിച്ചു. അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെടുന്നു എന്നും അവർ പറഞ്ഞു. ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം വളരെ മനോഹരമാണെന്നും ഭഗവാനെ ദർശിക്കാൻ എത്തുന്നവരുടെ എല്ലാ സങ്കടങ്ങളും വേദനകളും മാറട്ടെ എന്നും ദീപിക പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം അയോധ്യയിലേക്ക് വീണ്ടും വരുമെന്നും ദീപിക ചിഖ്‌ലിയ അറിയിച്ചു.
Discussion about this post