ശ്രീനഗർ : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കരസേനയിലെ പർവ്വതാരോഹകരുടെ ഒരു സംഘം കുറഞ്ഞ സമയം കൊണ്ട് ലഡാക്കിലെ കുൻ കൊടുമുടി കയറി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. കരസേനയുടെ ഡാഗർ ഡിവിഷനിലെ പർവതാരോഹകരുടെ ഒരു സംഘം ഏഴ് ദിവസം കൊണ്ട് 7,077 മീറ്റർ ഉയരത്തിലുള്ള കുൻ കൊടുമുടിയിൽ കയറി ചരിത്രം കുറിച്ചത്.
സേനയുടെ ഈ അസാധാരണ നേട്ടത്തിന് കൂടുതൽ വ്യത്യസ്തത നൽകുന്നതിനായി പർവതാരോഹകർ ഈ 7,077 മീറ്റർ ഉയരത്തിൽ യോഗ അവതരിപ്പിച്ചു. ഇതോടെ യോഗ അഭ്യസിച്ചിട്ടുള്ള എക്കാലത്തെയും ഉയർന്ന സ്ഥലമായി ഈ കൊടുമുടി മാറി. “ഈ ശ്രദ്ധേയമായ നേട്ടം ഇന്ത്യൻ ആർമിയുടെ പർവതാരോഹണ ടീമിന്റെ അചഞ്ചലമായ അർപ്പണബോധവും അസാധാരണമായ കഴിവുകളും പ്രദർശിപ്പിക്കുക മാത്രമല്ല, ശാരീരിക ക്ഷേമവും ആത്മീയ ആചാരങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു,” എന്നാണ് ഈ നേട്ടത്തെക്കുറിച്ച് സൈന്യത്തിന്റെ വക്താവ് വ്യക്തമാക്കിയത്.
ജൂലൈ 8 ന് ബാരാമുള്ളയിൽ നിന്ന് 19 ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ രാജേഷ് സേത്തി ആണ് ഈ പർവതാരോഹക ടീമിനെ ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ജൂലൈ 11 ന് ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട കേണൽ രജനീഷ് ജോഷിയുടെ നേതൃത്വത്തിലുള്ള ധീരരായ പർവതാരോഹകർ ഇപ്പോൾ തങ്ങളുടെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ വിജയം കൈവരിച്ചിരിക്കുകയാണ്.
സമുദ്രനിരപ്പിൽ നിന്ന് 23,218 അടി ഉയരത്തിൽ, കാർഗിൽ, സൺസ്കർ റോഡിന് സമീപം സുരു താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നൻ കുൻ മാസിഫിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് കുൻ കൊടുമുടി. പഞ്ചാബ് റെജിമെന്റിന്റെ 26-ാം ബറ്റാലിയൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗ് ആൻഡ് അലൈഡ് സ്‌പോർട്‌സ് (NIMAS) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നിരവധി കഠിന സാഹചര്യങ്ങളെ അതിജീവിച്ച് കൊടുമുടി കീഴടക്കിയ പർവതാരോഹക സംഘം.
Discussion about this post