ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ നടത്തിയ വ്യാജപ്രചാരണങ്ങളിൽ കേസെടുത്ത് മണിപ്പൂർ പോലീസ്. ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ പരാതിയിലാണ് മണിപ്പൂർ പോലീസ് കേസെടുത്തത്. തന്റെയും മകന്റെയും ആർ.എസ്.എസ് യൂണിഫോമിട്ട ചിത്രം മണിപ്പൂരിൽ സ്ത്രീകളെ ആക്രമിച്ചതിന് അറസ്റ്റിലായവർ എന്ന പേരിൽ പ്രചരിപ്പിച്ചതിനെതിരേയാണ് ബിജെപി നേതാവ് ചിദാനന്ദ സിംഗ് പോലീസിൽ പരാതി നൽകിയത്.
മണിപ്പൂർ സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാരവാഹി തന്റെയും മകന്റേയും ചിത്രം വ്യാജപ്രചാരണത്തിനായി ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടെന്നും നിരവധി പേർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ പ്രചാരണം നടത്തിയതായി തെളിവ് കിട്ടിയെന്നും പോലീസ് വ്യക്തമാക്കി. ഇതിനേ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി മണിപ്പൂർ പോലീസ് കേരളത്തിലെത്തിയേക്കും. കേരളത്തിൽ നിന്നുള്ള വിവിധ പ്രൊഫൈലുകൾ ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ഇത്രയും ഹീനമായ ഒരു സംഭവത്തിൽ പ്രതികളാണെന്ന പേരിൽ തന്റെയും പ്രായപൂർത്തിയാകാത്ത മകന്റേയും ചിത്രം പ്രചരിപ്പിച്ചത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്ന് ചിദാനന്ദ സിംഗ് പറഞ്ഞിരുന്നു.
നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി വ്യാജപ്രചാരണം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു. സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതികളായവരെന്ന രീതിയിലാണ് ബിജെപി നേതാവിന്റെയും മകന്റേയും ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അവരുടെ വസ്ത്രം കൊണ്ട് അവരെ അറിയാം എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ വ്യാജപ്രചാരണത്തിൽ കേസെടുത്തതോടെ തുരുതുരാ മാപ്പ് പറയുകയായിരുന്നു സുഭാഷിണി അലി.
Discussion about this post